ad
Deshabhimani

print edition കോണ്‍ഗ്രസ് പാടി വന്ദേ "താമര'

Congress
avatar
എം പ്രശാന്ത്‌

Published on Aug 16, 2026, 01:30 AM | 2 min read

ന്യൂഡൽഹി: മതബിംബങ്ങൾ ഉൾക്കൊള്ളുന്ന അഞ്ചാം ചരണമടക്കം വന്ദേമാതരത്തിന്റെ പൂർണരൂപത്തെ സംഘപരിവാറിനും ബിജെപിക്കുമൊപ്പം അംഗീകരിച്ച്‌ കോൺഗ്രസും. എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആറു ചരണങ്ങളും പൂർണമായും ആലപിച്ചു. കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി പാർടി നേതാവ്‌ സോണിയാ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ആലാപനം. ബിജെപി സംസ്ഥാനങ്ങൾക്കൊപ്പം കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ്‌ എന്നിവിടങ്ങളിലെ ഒ‍ൗദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ സംഘടിപ്പിച്ച ആഘോഷങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി.


വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന നിബന്ധന ഇല്ലാതിരിക്കെയാണ്‌ തീവ്രഹിന്ദുത്വവാദ നിലപാടിനൊപ്പം കോൺഗ്രസും ചേർന്നത്‌. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിന്റെ അഞ്ചാം ചരണത്തിൽ മാതൃഭൂമിയെ ദുർഗയായും സരസ്വതിയായും ലക്ഷ്‌മിയായും സങ്കൽപ്പിക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ മതനിരപേക്ഷത സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആദ്യ രണ്ട്‌ ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന്‌ കോൺഗ്രസ്‌ പ്രവർത്തകസമിതി 1937ൽ തീരുമാനിച്ചത്‌. ഭരണഘടനാ നിർമാണസഭ വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിച്ചപ്പോഴും ആദ്യ രണ്ട്‌ ചരണം മാത്രമാണ്‌ സ്വീകരിച്ചത്‌.


വർഗീയധ്രുവീകരണ അജൻഡയുടെ ഭാഗമായി അടുത്തിടെയാണ്‌ വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കണമെന്ന നിലപാട്‌ സംഘപരിവാറും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും സ്വീകരിച്ചത്‌. ദേശീയ ഗാനത്തോടൊപ്പം ദേശീയഗീതവും സർക്കാർ ചടങ്ങുകളിൽ ആലപിക്കാൻ ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്‌ ഉപദേശസ്വഭാവം മാത്രമാണെന്ന്‌ മാർച്ചിൽ സുപ്രീംകോടതി വ്യക്തമാക്കി.


എന്നാൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വന്ദേമാതരത്തിന്‌ ദേശീയഗാനത്തിന്‌ തുല്യമായ നിയമപരിരക്ഷ നൽകുന്ന ദേഭഗതി ബിൽ സർക്കാർ പാസ്സാക്കി. ഇതിന് ചുവടുപിടിച്ച് ഇന്ത്യൻ മതനിരപേക്ഷതയ്‌ക്കുമേൽ വന്ദേമാതരത്തിന്റെ പൂർണരൂപം അടിച്ചേൽപ്പിക്കുകയെന്ന സംഘപരിവാർ അജൻഡയ്‌ക്കാണ്‌ ഇപ്പോൾ കോൺഗ്രസും കുടപിടിച്ചത്‌.


അതേസമയം, വന്ദേമാതരത്തിന്റെ പൂർണമായ ആലാപനം സോണിയാ ഗാന്ധി തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ബിജെപി ആരോപണം കോൺഗ്രസ്‌ വക്താവ്‌ ജയ്‌റാം രമേശ്‌ തള്ളി. ദേശീയഗീതം പൂർണമായി ആലപിച്ചെന്നും സോണിയ തടസ്സപ്പെടുത്തിയില്ലെന്നുമാണ്‌ ജയ്‌റാം രമേശ്‌ പ്രതികരിച്ചത്.


വനംവകുപ്പ്‌ ആസ്ഥാനത്ത്‌ 
പൂർണ വന്ദേമാതരം


തിരുവനന്തപുരം വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു. ദേശീയപതാക ഉയർത്തുംമുമ്പായിരുന്നു ആലാപനം. സംസ്ഥാനത്ത്‌ വന്ദേമാതരം പൂർണമായി ആലപിക്കുമോ എന്ന ചോദ്യത്തിന്‌ 15ന് അറിയാം എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടി. കേരളത്തിൽ എല്ലായിടത്തും വന്ദേമാതരം പൂർണമായും ആലപിക്കണം എന്ന്‌ കാണിച്ച് ചീഫ്‌ സെക്രട്ടറി ബിശ്വനാഥ്‌ സിൻഹ വകുപ്പു മേധാവികള്‍ക്ക് കത്തയച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home