print edition തൊഴിലാളിദ്രോഹ തൊഴിൽ കോഡുകൾ ; മോദിയുടെ വഴിയേ കോൺഗ്രസ്

എം പ്രശാന്ത്
Published on Feb 16, 2026, 02:53 AM | 1 min read
ന്യൂഡൽഹി
കേന്ദ്ര ബിജെപി സർക്കാർ നടപ്പാക്കിയ തൊഴിലാളിദ്രോഹ തൊഴിൽ കോഡുകളിൽ കോൺഗ്രസ് നിലപാടിൽ കടുത്ത വൈരുധ്യം. കോൺഗ്രസിന്റെ കേന്ദ്രനേതൃത്വം പുതിയ തൊഴിൽ കോഡുകളെ എതിർക്കുമ്പോൾ കേരളം അടക്കമുള്ള സംസ്ഥാന ഘടകങ്ങൾ കോർപ്പറേറ്റ് അനുകൂല കോഡുകളെ ശക്തമായി പിന്തുണയ്‌ക്കുകയാണ്. കർണാടകത്തിലെ കോൺഗ്രസ് സർക്കാർ കേന്ദ്രം കൊണ്ടുവന്ന തൊഴിൽ കോഡുകളെ പിന്തുടർന്ന് പുതിയ കരടുചട്ടങ്ങൾ വിജ്‌ഞാപനം ചെയ്‌തുകഴിഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങളായ തെലങ്കാനയും ഹിമാചലും ഇതിനുള്ള ഒരുക്കവും തുടങ്ങി.
കേന്ദ്രത്തിന്റെ തൊഴിൽ കോഡുകളിലും കർണാടകത്തിലെ കോൺഗ്രസ് സർക്കാർ പുറത്തുവിട്ട കരടുചട്ടങ്ങളിലും കടുത്ത തൊഴിലാളിദ്രോഹ വ്യവസ്ഥകളാണുള്ളത്. തൊഴിൽ സമയം ദിവസം 12 മണിക്കൂർ വരെയായി ഉയർത്തിയിട്ടുണ്ട്. സ്ഥിരം തൊഴിൽ സങ്കൽപ്പത്തെ തന്നെ അട്ടിമറിക്കുന്നതാണ് കേന്ദ്രത്തിന്റെയും കർണാടകത്തിന്റെയും തൊഴിൽകോഡ് ചട്ടങ്ങൾ. കേന്ദ്രവും കർണാടകയും കൊണ്ടുവന്ന പുതിയ ചട്ടങ്ങളിൽ 300 ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടലിനും അടച്ചുപൂട്ടലിനും സർക്കാർ അനുമതി ആവശ്യമില്ല. ട്രേഡ്‌യൂണിയൻ രൂപീകരണം, പണിമുടക്ക് അടക്കമുള്ള സമരാവകാശങ്ങൾ എന്നിവയുടെ കാര്യത്തിലും വ്യവസ്ഥകൾ കർക്കശമാക്കി.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ദിവസം പാർലമെന്റിൽ ഇടതുപക്ഷ എംപിമാർ സംഘടിപ്പിച്ച ഐക്യദാർഢ്യ ധർണയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ പങ്കെടുത്തിരുന്നു. സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് ശൂന്യവേളയിൽ പണിമുടക്ക് വിഷയം ഉന്നയിച്ചപ്പോൾ കോൺഗ്രസിന്റെ പാർലമെന്ററി പാർടി നേതാവ് കൂടിയായ സോണിയാ ഗാന്ധി അടക്കം കോൺഗ്രസ് എംപിമാർ പിന്തുണച്ചു.
ജോൺ ബ്രിട്ടാസിനെ രാജ്യസഭയിൽ സോണിയ പിന്തുണച്ച അതേഘട്ടത്തിൽ തന്നെയാണ് കേരളത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പണിമുടക്കിനെ തള്ളിപറഞ്ഞത്. ഐഎൻടിയുസി അടക്കം പണിമുടക്കിൽ പങ്കാളികളായപ്പോഴാണ് കോൺഗ്രസ് സംസ്ഥാന ഘടകങ്ങൾ കോർപറേറ്റ് അനുകൂല കോഡുകളെ പിന്തുണയ്‌ക്കുന്നത്.










0 comments