print edition എന്ത് നിലപാടാണ് കോൺഗ്രസേ...

2022 ജൂണിൽ നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് ബംഗളുരുവിൽ കോൺഗ്രസുകാർ ടയറുകൾ കത്തിക്കുന്നു (ഫയൽചിത്രം)
ന്യൂഡൽഹി: രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രസർക്കാർ ഇഡിയെ പോലുള്ള പാവ ഏജൻസികളെ ദുരുപയോഗിക്കുകയാണ്’– നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി പ്രതിചേർത്തപ്പോൾ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത് ഇങ്ങനെ. ഇല്ലാത്ത കുറ്റം കെട്ടിച്ചമയ്‌ക്കുന്നതിൽ ഇഡിക്ക് നൊബേൽ സമ്മാനം നൽകണമെന്നാണ് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് വക്താവുമായ അഭിഷേക് മനു സിങ്‌വി പറഞ്ഞത്.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെയോ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെയോ ഇഡി അടക്കമുള്ള ഏജൻസികൾ അന്വേഷണത്തിലേക്ക് കടന്നാൽ കോൺഗ്രസിനത് രാഷ്‌ട്രീയ വേട്ട. എന്നാൽ, ആംആദ്‌മി പാർടി, സിപിഐ എം നേതാക്കളെ കേന്ദ്രഏജൻസികൾ വേട്ടയാടിയാൽ കോൺഗ്രസിന് ആഹ്ലാദവും. മാത്രമല്ല മറ്റ് പ്രതിപക്ഷ പാർടികളിലെ നേതാക്കളെ വേട്ടയാടാൻ കോൺഗ്രസ് തന്നെ കേന്ദ്രഏജൻസികൾക്ക് ആയുധവുമെത്തിക്കും.
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ സോണിയയെയും രാഹുലിനെയും ഇഡി ചോദ്യംചെയ്‌ത ഘട്ടത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി അക്രമസമരം അഴിച്ചുവിട്ടു. 2022 ജൂണിലാണ് അഞ്ചു ദിവസങ്ങളിലായി രാഹുൽ ഗാന്ധിയെ ഇഡി ചോദ്യംചെയ്‌തത്. സോണിയാ ഗാന്ധിയെ അതേ വർഷം ജൂലൈയിൽ മൂന്നു ദിവസം ചോദ്യംചെയ്‌തു. ഇൗ ദിവസങ്ങളിലായിരുന്നു കോൺഗ്രസിന്റെ അക്രമസമരം.
ഡൽഹി, ഹൈദരാബാദ്, ബംഗളൂരു, നാഗ്‌പുർ തുടങ്ങിയ നഗരങ്ങളിലാണ് കോൺഗ്രസുകാർ ഹൈക്കമാൻഡ് നിർദേശപ്രകാരം അഴിഞ്ഞാടിയത്. വിവിധ സംസ്ഥാനങ്ങളിലെ ഇഡി ആസ്ഥാനത്തേക്കും ജില്ലാ ഓഫീസുകളിലേക്കും രാജ്‌ഭവനുകളിലേക്കും കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന്റെ മറവിലായിരുന്നു അക്രമം. ഹൈദരാബാദിൽ തെലങ്കാന പിസിസി ആഹ്വാനം ചെയ്‌ത ‘ചലോ രാജ്‌ഭവൻ’ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ ഇരുചക്ര വാഹനം കത്തിക്കുകയും ബസുകളുടെയും വാഹനങ്ങളുടെയും ചില്ല് തല്ലിപ്പൊട്ടിക്കുകയും ചെയ്‌തു. മുതിർന്ന നേതാവ് രേണുകാ ചൗധുരി പൊലീസ് ഉദ്യോഗസ്ഥന്റെ കോളറിന് കുത്തിപിടിച്ച് ഭീഷണി മുഴക്കി.
ബംഗളൂരുവിൽ പ്രതിഷേധിച്ച കോൺഗ്രസുകാർ ശാന്തിനഗറിൽ ഇഡി ഓഫീസിന് മുന്നിൽ കാർ കത്തിച്ചു. ശേഷാദ്രിപുരത്തും കാർ കത്തിച്ചു. ഡൽഹിയിൽ ഇഡി ആസ്ഥാനത്തേക്ക് മാർച്ചുചെയ്‌തവർ നിരത്തുകളിൽ ടയർ കൂട്ടിയിട്ട് കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ബാരിക്കേഡ് തകർത്ത് സുരക്ഷാഭടൻമാരുമായി ഏറ്റുമുട്ടി. നിരവധി പൊലീസുകാർക്ക് പരിക്കേറ്റു.
ഡൽഹിയിൽ പലയിടത്തും ട്രെയിൻ തടഞ്ഞു. പ്രധാന റോഡുകളിൽ കോൺഗ്രസുകാർ നടത്തിയ അക്രമസമരം മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിപ്പിച്ചു. ജനങ്ങൾ വലഞ്ഞു. പൊലീസിന് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കേണ്ടി വന്നു. സോണിയക്കും രാഹുലിനുമെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിലും രാജ്യവ്യാപകമായി അക്രമസമരം അഴിച്ചുവിട്ടവരാണ് ഇപ്പോൾ ഇഡിയാണ് പരമസത്യം എന്നു വാദിക്കുന്നത്.










0 comments