നാട് ഹൃദയത്തിലേറ്റുന്നു എൽഡിഎഫ് സ്ഥാനാർഥികളെ

കൊച്ചി
ജില്ലയിൽ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാലിടങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികളെ ഹൃദയത്തിലേറ്റി വോട്ടർമാർ. പ്രചാരണത്തിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞു ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികൾ. കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ് ഡിവിഷനിൽ എൽഡിഎഫിനായി മത്സരിക്കുന്നത് പി കെ ഉസ്‌മാനാണ്. കൊച്ചി കോർപറേഷനിലും സംസ്ഥാനത്തും ഭരണനേതൃത്വം നൽകുന്ന യുഡിഎഫ് ജനജീവിതം ദുസ്സഹമാക്കിയതിന് എതിരെ പ്രതികരിക്കാൻ തീരുമാനിച്ചുകഴിഞ്ഞു വോട്ടർമാർ. ഡിവിഷൻ അഭിമുഖീകരിക്കുന്ന കുടിവെള്ള പ്രശ്‌നം ഉൾപ്പെടെ ജനങ്ങൾ സ്ഥാനാർഥിയോട് പങ്കുവയ്‌ക്കുന്നു. എ കെ അജിത്‌കുമാറാണ് യുഡിഎഫ് സ്ഥാനാർഥി. കെ ഡി ബിജോയ് എൻഡിഎ സ്ഥാനാർഥി. കൗൺസിലറായിരുന്ന ദീപക് ജോയ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് കിഴക്ക് വാർഡിൽ ലൈജു ജോസഫാണ് എൽഡിഎഫിനായി മത്സരിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. മികച്ച പ്രവർത്തനവും ജനകീയതയും കൈമുതലാക്കിയ ലൈജുവിന് വോട്ടർമാരിൽ നിന്നും ലഭിക്കുന്നത് ആവേശകരമായ സ്വീകരണം.
ജോസ് കുനിയന്തോടത്ത് (യുഡിഎഫ്), പി ആർ സാൻ (എൻഡിഎ) എന്നിവരാണ് എതിർ സ്ഥാനാർഥികൾ. യുഡിഎഫിലെ സെബി പുത്തൻവീട്ടിൽ വിദേശത്ത് ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്.
പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഇൗസ്‌റ്റിൽ എൽഡിഎഫ് സ്ഥാനാർഥിയായ നീതു ജോയിഡിന് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. പൂതൃക്ക പഞ്ചായത്തിലെ വികസന മുരടിപ്പിനും ഭരണസ്തംഭനത്തിനുമെതിരെയും ട്വന്റി 20യുടെ വർഗീയ കോർപ്പറേറ്റ് രാഷ്‌ട്രീയത്തിനുമെതിരെ വിധിയെഴുതാനുള്ള തയ്യാറെടുപ്പിലാണ് വോട്ടർമാർ.
സാറാമ്മ പൈലിപ്പിള്ള (യുഡിഎഫ്), ദീനമ്മ ജേക്കബ് (ട്വന്റി 20) എന്നിവരാണ് സ്ഥാനാർഥികൾ. ട്വന്റി 20യുടെ പൂജ ജോമോൻ പാർടിയുടെ എൻഡിഎ ബന്ധത്തിന്റെപേരിൽ രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ്.
പാറക്കടവ് പഞ്ചായത്തിലെ പുളിയനം തെക്ക് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായ സുഗന്ധി ജോഷിയും പ്രചാരണത്തിൽ കുതിക്കുകയാണ്. വികസന സ്വപ്‌നങ്ങളും നാട് നേരിടുന്ന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. മല്ലിക രവി (യുഡിഎഫ്), സാന്ദ്ര സുബ്രഹ്മണ്യൻ (എൻഡിഎ) എന്നിവരാണ് സ്ഥാനാർഥികൾ. അംഗമായിരുന്ന എൽഡിഎഫിലെ രാജി രാജീവ് വിദേശത്ത് ജോലിക്ക് പോയതിനെത്തുടർന്ന് രാജിവയ്‌ക്കുകയായിരുന്നു.









0 comments