print edition കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍രാജ്; അവര്‍ തെരുവിൽത്തന്നെ

ബംഗളൂരു: ബുൾഡോസർ രാജിൽ ഇടിച്ചു നിരപ്പാക്കിയ യെലഹങ്ക കൊഗിലുവിലെ രണ്ട് കോളനിയിലെ ആയിരത്തോളം പേർ ഇപ്പോഴും തെരുവിൽ. ഫ്‌ളാറ്റുണ്ട്, സഹായമുണ്ട് എന്നൊക്കെ പ്രചരിപ്പിച്ച കേരളത്തിലെ യുഡിഎഫുകാർ, പണം നൽകിയാൽ മാത്രം സഹായമെന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിൽ ഒരക്ഷരം പ്രതികരിച്ചില്ല.
‘‘തെരുവിൽ ഇപ്പോഴും കിടക്കുന്ന 141 കുട്ടികൾക്കും ആറ് ഗർഭിണികൾക്കും അടക്കം ആർക്കും ഇതുവരെ സർക്കാരിൽനിന്ന് സഹായം കിട്ടിയിട്ടില്ല. പ്രത്യേക പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചതിലില്ല’’– പ്രദേശത്ത് കഴിഞ്ഞ 20 മുതൽ സന്നദ്ധ സഹായം ഏകോപിപ്പിക്കുന്ന ധുഡിയുവ ജനര വേദികെ എന്ന എൻജിഒയുടെ പ്രവർത്തക നന്ദിനി പറഞ്ഞു.
രാവിലെ 14 ഡിഗ്രിവരെ തണുപ്പുണ്ടാകുന്ന സ്ഥലമാണിത്. സന്നദ്ധ സംഘടനകൾ നൽകിയ പുതപ്പ് മാത്രമാണ് ഇപ്പോഴും ആശ്രയം. കൈയേറ്റക്കാർക്കെതിരെയുള്ള നടപടി എന്ന നിലയിൽ വ്യാഖ്യാനമുള്ളതിനാൽ, ഒൗദ്യോഗിക സംവിധാനങ്ങളൊന്നും പ്രദേശത്തേക്ക് പ്രത്യേക സഹായം ഏർപ്പാടാക്കിയിട്ടുമില്ല. കേരളത്തിൽനിന്നടക്കം മാധ്യമങ്ങൾ ഇവിടെ സജീവമായതോടെ, കൂടുതൽ പൊലീസിനെ വിന്യാസിച്ചിട്ടുണ്ട്. ഫക്കീർ കോളനി, വസീം ലേ ഒൗട്ട് എന്നിവിടങ്ങളിലെ മുസ്ലിം– ദളിത് കുടുംബങ്ങളാണ് തെരുവാധാരമായത്. കേരളം പ്രതിഷേധമുയർത്തിയതോടെയാണ്, പണം വാങ്ങിയിട്ടായാലും സഹായം നൽകാമെന്ന പ്രഖ്യാപനത്തിലേക്ക് കർണാടകത്തിൽ കോൺഗ്രസ് സർക്കാർ എത്തിയത്. അപ്പോഴും പ്രദേശത്ത് കൈയേറ്റം തന്നെയാണ് എന്ന വ്യാഖ്യാനമാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നൽകുന്നത്. പൊലീസ് മർദിക്കുന്ന ദൃശ്യം പുറത്ത് ബുൾഡോസർരാജിനൊപ്പം കഴിഞ്ഞ 20ന് പുലർച്ചെ ഫക്കീർ കോളനിയിൽ വ്യാപക പൊലീസ് അതിക്രമം നടന്നതായും റിപ്പോർട്ട്. വീട് ഇടിച്ചുനിരത്തുന്നത് തടയാൻ ചെന്നവരെ കർണാടക പൊലീസ് മുഖത്തടിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
150 ഓളം പൊലീസുകാരുടെ സാന്നിധ്യത്തിലാണ് നാല് ബുൾഡോസറുകൾ മണിക്കൂറുകൾക്കുള്ളിൽ ഇരുന്നൂറോളം വീട് തകർത്തത്. തടയുന്നവരെ പൊലീസ് മർദിക്കുന്ന ദൃശ്യത്തിൽ സ്‌ത്രീകളും കുട്ടികളും നിലവിളിക്കുന്നതും കാണാം.
യോഗ്യരായവർ എന്ന കെണി
കോളനിയിലെ യോഗ്യരായവർക്ക് ബൈയപ്പനഹള്ളിയിൽ പൂർത്തിയായ ഭവനപദ്ധതിയിൽ ഫ്‌ളാറ്റ് നൽകാമെന്നാണ് സർക്കാർ പറയുന്നത്. "യോഗ്യരായവരുടെ' പട്ടിക തയാറാക്കാന്‍ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കൃഷ്‌ണ ബൈര ഗൗഡയെ ചുമതലപ്പെടുത്തി. 11.2 ലക്ഷം രൂപയുടെ ഫ്‌ളാറ്റിന് അഞ്ചുലക്ഷം രൂപയാണ് ആവശ്യക്കാർ നൽകേണ്ടത്. ബാക്കി തുകസർക്കാർ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി നൽകുമെന്നാണ് പറയുന്നത്. ഇത്തരം സബ്‌സിഡി നൽകാൻ വേണ്ട രേഖകൾ എന്താണെന്ന് വ്യക്തമല്ല. ആറുമാസം മുതൽ 30 വർഷംവരെ ഇവിടെ താമസിച്ചവരാണ് വഴിയാധാരമായത്. ബുൾഡോർ അക്രമണത്തിൽ രേഖകളും മറ്റും പൂർണമായി മണ്ണിനടിയിലായി. ആ രേഖകൾ വീണ്ടെക്കുന്നത് സംബന്ധിച്ചും സർക്കാർ ഉറപ്പ് നൽകിയിട്ടില്ല.










0 comments