ad
Deshabhimani

കാഴ്ചയിൽ ജ്യൂസ്പാക്കറ്റ്,അകത്ത് മദ്യം, വില്പന തന്ത്രം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീം കോടതി നോട്ടീസ്

liq
വെബ് ഡെസ്ക്

Published on May 20, 2026, 05:04 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എക്സൈസ് നിയമങ്ങളിൽ ഏകീകരണമില്ലാത്തത് വ്യാജപരസ്യങ്ങൾക്കും വിപണന തന്ത്രങ്ങൾക്കും ഇടയാക്കുന്നതായുള്ള പരാതിയിൽ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. 'കമ്മ്യൂണിറ്റി എഗയിൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിംഗ്' എന്ന സന്നദ്ധ സംഘടന നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.


സംസ്ഥാനങ്ങളിൽ നടപ്പിലുള്ള എക്സൈസ് നിയമങ്ങളിലെ അപാകതകൾ മുതലെടുത്ത് കടുത്ത മദ്യത്തെ 'ഫ്രൂട്ട് ജ്യൂസ്' ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വഞ്ചനാപരമായി വിപണിയിലെത്തിക്കുന്നു എന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വ്യാജമായ മാർക്കറ്റിംഗ് തന്ത്രമാണ് മദ്യലോബി ഉപയോഗിക്കുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചു.


'ബണ്ടി പ്രീമിയം വോഡ്ക', 'ചില്ലി മാംഗോ വോഡ്ക', ' വോഡ്ക - ആപ്പിൾ ത്രില്ല്' തുടങ്ങിയ ബ്രാൻഡുകൾ ടെട്രാ പാക്കുകളിൽ വരെ വിൽക്കുന്നു. ആപ്പിൾ, മാമ്പഴം തുടങ്ങിയ പഴങ്ങളുടെ ചിത്രങ്ങളും ആകർഷകമായ നിറങ്ങളും ഉപയോഗിച്ച് ഇവ യഥാർത്ഥ ജ്യൂസ് പാക്കറ്റുകളാണെന്ന വ്യാജധാരണ ഉപഭോക്താക്കളിൽ ഉണ്ടാക്കുന്നു. "ഗ്രീൻ ആപ്പിൾ വോഡ്ക പോലുള്ളവ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇവ സംബന്ധിച്ച് നിയമത്തിലെ നിർവചനമില്ലായ്മ വിലകുറഞ്ഞ മദ്യങ്ങൾ പഴങ്ങളുമായും മറ്റും ബന്ധപ്പെടുത്തി വഞ്ചനാപരമായ രീതിയിൽ വിറ്റഴിക്കാൻ കാരണമാകുന്നു," എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.


ചില സംസ്ഥാനങ്ങളിലെ എക്സൈസ് നിയമങ്ങൾ അനുസരിച്ച് മദ്യം സൂക്ഷിക്കുന്ന ചാക്കുകളോ കവറുകളോ പോലും 'കുപ്പി' എന്ന നിർവചനത്തിൽ വരാം. ആകർഷകമായ പാക്കറ്റുകൾ കുട്ടികളെ മദ്യപാനത്തിലേക്ക് എളുപ്പത്തിൽ ആകർഷിക്കുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടി കാട്ടി. യാത്ര ചെയ്യുന്ന വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലും അധികൃതരുടെ കണ്ണുവെട്ടിച്ച് മദ്യം കഴിക്കാൻ ഇത്തരം പാക്കറ്റുകൾ സൗകര്യമൊരുക്കുന്നു. സിഗരറ്റ് പാക്കറ്റുകളിൽ നൽകുന്നത് പോലുള്ള വ്യക്തമായ നിയമപരമായ മുന്നറിയിപ്പുകൾ ഈ കളർ പാക്കറ്റുകളിൽ ഉണ്ടാകാറില്ല. പ്ലാസ്റ്റിക് കവറുകളും ടെട്രാ പാക്കുകളും ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. എന്നിങ്ങനെയുള്ള ആശങ്കകളും ഹര്‍ജിയിൽ ഉന്നയിച്ചു.


രാജ്യത്തുടനീളം മദ്യത്തിന്റെ പാക്കേജിംഗിൽ കൃത്യമായ മാനദണ്ഡങ്ങളും ഏകീകരണവും കൊണ്ടുവരാൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്ന് ഹർജിക്കാർ കോടതി മുമ്പാകെ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home