കോവിഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം; മറുപടി നൽകാതെ കേന്ദ്രം

ന്യൂഡൽഹി : കോവിഡ്-19 മഹാമാരിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്രം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതം എക്സ്ഗ്രേഷ്യ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കൃത്യമായ മറുപടി നൽകിയില്ല. ആകെ എത്ര കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരം ലഭിച്ചതെന്നും 2020-21 കാലയളവിലെ മരണം സംബന്ധിച്ച് സിവിൽ രജിസ്ട്രേഷൻ സിസ്റ്റം ഡാറ്റ (CRS) പ്രകാരമുള്ള അധിക മരണങ്ങളുടെ പശ്ചാത്തലത്തിൽ നഷ്ടപരിഹാര വിതരണം അവലോകനം ചെയ്യാൻ കേന്ദ്രം ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്നുമായിരുന്നു എംപിയുടെ ചോദ്യം. കോവിഡ് സമയത്ത് കോവിഡ് സ്ഥിരീകരിക്കപ്പെടാതെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ഉറപ്പാക്കാൻ എന്താണ് കേന്ദ്രം ചെയ്യുന്നത് എന്നും എംപി6 രാജ്യസഭയിൽ ചോദ്യമുന്നയിച്ചിരുന്നു.
എന്നാൽ കേന്ദ്രത്തിന്റെ മറുപടി തികച്ചും നിരാശാജനകമായിരുന്നുവെന്ന് എംപി പറഞ്ഞു. യാതൊരു കണക്കുകളും നൽകാതെ, ഇതു സംബന്ധിച്ച തീരുമാനമെടുത്തത് സംസ്ഥാനങ്ങളാണെന്ന് മാത്രമാണ് കേന്ദ്ര സർക്കാർ മറുപടി നൽകിയത്. 2020–21 കാലഘട്ടത്തിൽ മാത്രം ഇന്ത്യയിൽ 20 ലക്ഷത്തോളം അധിക മരണങ്ങൾ ഉണ്ടായതായി പുതിയ സിആർഎസ് ഡാറ്റ വിശകലനം ചെയ്യുന്നതിൽ നിന്നും മനസിലാക്കാൻ കഴിയും. പ്രസ്തുത കാലയളവിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങൾ ഇതിന്റെ ആറിലൊന്ന് മാത്രമാണെന്ന പശ്ചാത്തലത്തിൽ, വലിയ തോതിൽ കോവിഡ് മരണങ്ങൾ കണക്കിൽപ്പെടുത്തപ്പെടാതെ പോയി എന്നത് യഥാർഥ്യമാണ്. അതുകൊണ്ട് തന്നെ നഷ്ടപരിഹാര വിതരണത്തിലെ അപാകത സാമൂഹിക നീതിയോടുള്ള വെല്ലുവിളിയാണ്. പ്രതീക്ഷയോടെ സർക്കാരിന്റെ കനിവിനുവേണ്ടി കാത്തിരിക്കുന്ന ദുഃഖിതരായ കുടുംബങ്ങൾ വീണ്ടും അവഗണനയുടെ ഇരകളാവുകയാണ് – ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു.









0 comments