ഡൽഹിയിൽ തോക്ക് മാഫിയ സംഘം പിടിയിൽ; സംഘത്തിലെ പ്രധാനി കോളേജ് വിദ്യാർഥി

Representative Image | AI
ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിൽ നിന്നും തോക്ക് മാഫിയ സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിലെ പ്രധാനിയായ ഡൽഹി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗിലെ ബിരുദ വിദ്യാർഥിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുപിയിലെ മീററ്റിൽ നിന്നുമാണ് ഇയാൾ ആയുധങ്ങൾ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
രഹസ്യവിവരത്തെത്തുടർന്ന് ഏപ്രിൽ 14ന് നടത്തിയ റെയ്ഡിലാണ് ബിരുദ വിദ്യാർഥിയായ അബു താലിബ് (27) പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് രണ്ട് പിസ്റ്റളുകൾ, ഒരു നാടൻ തോക്ക്, 23 തിരകൾ, 11 ഒഴിഞ്ഞ ഷെല്ലുകൾ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കുടുംബത്തോടൊപ്പം പഴം മൊത്തവ്യാപാര ബിസിനസ്സ് നടത്തിവരികയായിരുന്ന താലിബ്, ഇതിനിടയിലാണ് എസ്ഒഎല്ലിൽ ബിരുദ പഠനം നടത്തിയിരുന്നത്. പിടിച്ചെടുത്ത ആയുധങ്ങൾ ഉപയോഗിച്ച് ഇയാൾ മുൻപ് പരീക്ഷണത്തിനായി വെടിവെപ്പ് നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
ഫർഷ് ബസാർ പൊലീസ് സ്റ്റേഷനിൽ താലിബിനെതിരെ മുൻപ് ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധമുള്ള കൂടുതൽപേരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.










0 comments