കോക്രോച്ചസ് സമരം രാജ്യവ്യാപകമാക്കാൻ നീക്കം, വിദ്യാഭ്യാസ മന്ത്രി രാജിവെക്കും വരെ പ്രക്ഷോഭം

ന്യൂഡൽഹി: കേന്ദ്ര മത്സരപരീക്ഷകളിലെയും റിക്രൂട്ട്‌മെന്റുകളിലെയും ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്ദിറിൽ ശനിയാഴ്ച നടന്ന വൻ പ്രതിഷേധത്തിന് പിന്നാലെ സമരം രാജ്യവ്യാപകമാക്കാൻ ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുന്നതുവരെ തങ്ങളുടെ പോരാട്ടം അവസാനിക്കില്ലെന്ന് സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി.
അമേരിക്കയിൽ നിന്ന് ശനിയാഴ്ച രാവിലെ ഡൽഹിയിലെത്തിയ അഭിജീത് ദിപ്കെ, ഡോ ബി ആർ അംബേദ്കറുടെ ആത്മകഥയുമായാണ് വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. തുടർന്ന് പോലീസിന്റെ അനുമതിയോടെ ജന്തർ മന്ദിറിലെത്തി പ്രതിഷേധകര്‍ക്ക് നേതൃത്വം നൽകി.
ശനിയാഴ്ച നടന്ന സമരത്തിൽ ഏഴായിരത്തോളം ആളുകൾ പങ്കെടുത്തതായും വൻ വിജയമായിരുന്നതായും രാവിലെ മഹാരാഷ്ട്രയിൽ ഔറംഗബാദിലെ വാലുജ് എംഐഡിസിയിലെ വസതിയിൽ തിരിച്ചെത്തിയ ദിപ്കെ മാധ്യമങ്ങളോട് പറഞ്ഞു.
ഒരാഴ്ചത്തെ സമയപരിധി;
ഇല്ലെങ്കിൽ രാജ്യവ്യാപക സമരം
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ഒരാഴ്ചത്തെ സമയപരിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ധർമേന്ദ്ര പ്രധാൻ സ്വയം രാജിവെക്കുകയോ അല്ലെങ്കിൽ പ്രധാനമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണം. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും ഇതിനായുള്ള കൃത്യമായ കർമ്മപദ്ധതി ഉടൻ പുറത്തുവിടുമെന്നും അഭിജീത് ദിപ്കെ അറിയിച്ചു.
ശ്രദ്ധേയമായി 'പാറ്റ മാസ്കുകൾ'
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വലിയ പങ്കാളിത്തമാണ് ജന്തർ മന്ദിറിൽ ദൃശ്യമായത്. സമരത്തിനെത്തിയവർ 'കോക്രോച്ച്' മാസ്കുകൾ ധരിച്ചാണ് പ്രതിഷേധിച്ചത്. പ്ലക്കാർഡുകളും മാസ്കുകളുമേന്തി എത്തിയ പ്രതിഷേധക്കാർ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ നയങ്ങൾക്കെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തി. രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭരണകക്ഷി "ഹിന്ദു-മുസ്ലിം" വിഭജന രാഷ്ട്രീയം കളിക്കുന്നത് നിർത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും പൊതുജനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമരം കൂടുതൽ ശക്തമാക്കാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം.










0 comments