യുഎഇയിൽ ഉച്ചവിശ്രമ നിയമം 15 മുതൽ; ലംഘകർക്ക് 50,000 ദിർഹംവരെ പിഴ

പ്രതീകാത്മകചിത്രം
ദുബായ് : കടുത്ത വേനൽച്ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎഇ. സെപ്തംബർ 15 വരെ ഉച്ചയ്‌ക്ക് 12.30 മുതൽ വൈകിട്ട് മൂന്നുവരെ തുറസ്സായ സ്ഥലങ്ങളിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്നത് നിരോധിച്ചതായി മാനവവിഭവശേഷി -സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
തുടർച്ചയായി 22–-ാം വർഷമാണ് രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. വേനൽക്കാലത്ത് അമിതചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. നിയമപ്രകാരം തൊഴിലാളികൾക്ക് തണലുള്ള വിശ്രമകേന്ദ്രങ്ങൾ, കുടിവെള്ളം, ശരീരത്തിലെ ജലാംശം നിലനിർത്താനുള്ള സൗകര്യങ്ങൾ, ഫാനുകൾ ഉൾപ്പെടെയുള്ള തണുപ്പിക്കൽ സംവിധാനങ്ങൾ എന്നിവ തൊഴിലുടമകൾ ഒരുക്കേണ്ടതുണ്ട്.
അതേസമയം, സാങ്കേതിക കാരണങ്ങളാൽ നിർത്തിവയ്‌ക്കാൻ കഴിയാത്ത ചില ജോലികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അസ്‌ഫാൽറ്റ് പാകൽ, കോൺക്രീറ്റ് ഒഴിക്കൽ തുടങ്ങിയ പ്രവൃത്തികളും വെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അവശ്യസേവനങ്ങൾ പുനഃസ്ഥാപിക്കാനുള്ള അടിയന്തര അറ്റകുറ്റപ്പണികളും ഇതിൽ ഉൾപ്പെടും. പൊതുജീവിതത്തെയും ഗതാഗതത്തെയും ബാധിക്കുന്ന പ്രത്യേക ജോലികൾക്കായി സർക്കാർ ഏജൻസികളുടെ അനുമതി ലഭിച്ചാൽ അവയ്‌ക്കും ഒഴിവ് ബാധകമായിരിക്കും.
ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഓരോ തൊഴിലാളിക്കും 5000 ദിർഹംവീതം പിഴ ചുമത്തും. ഒന്നിലധികം തൊഴിലാളികളെ നിയമലംഘനത്തിന് വിധേയരാക്കിയാൽ പരമാവധി 50,000 ദിർഹംവരെ പിഴ ഈടാക്കും. കഴിഞ്ഞ വർഷം ചൂടിൽനിന്നുള്ള തൊഴിലാളി സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി കമ്പനികളിൽ 99 ശതമാനം നിയമപാലനം ഉണ്ടായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തുടനീളം ഡെലിവറി തൊഴിലാളികൾക്കായി സൗകര്യങ്ങളോടുകൂടിയ 10,000 ശീതീകരിച്ച വിശ്രമകേന്ദ്രങ്ങളും ഒരുക്കിയിരുന്നു.










0 comments