പുതിയ ഫോൺ വാങ്ങിയോ?; മികച്ച പെർഫോമൻസിനും ബാറ്ററി ലൈഫിനും ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

പ്രതീകാത്മക എ ഐ ചിത്രം
തിരുവനന്തപുരം : ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല. ഫീച്ചറുകൾ അപ്‌ഡേറ്റ് ചെയ്യാനും ട്രെൻഡിനൊപ്പം സഞ്ചരിക്കാനുമായി ഇടയ്ക്കിടെ ഫോൺ മാറ്റി വാങ്ങുന്നവരും നിരവധിയാണ്. എന്നാൽ അത്തരത്തിൽ പുതിയ ഫോൺ വാങ്ങുന്നവർ, ബോക്‌സ് പൊട്ടിച്ച ഉടൻ തന്നെ യാതൊരു മാറ്റങ്ങളും വരുത്താതെ ഉപയോഗിക്കാൻ തുടങ്ങുന്നതാണ് പതിവ്. നിങ്ങളുടെ പുതിയ സ്മാർട്ട്ഫോണിൽ നിന്ന് മികച്ച പ്രകടനവും നീണ്ട ബാറ്ററി ലൈഫും ലഭിക്കാൻ ഫോൺ വാങ്ങി ആദ്യത്തെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ചില പ്രധാന കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
അനാവശ്യ ആപ്പുകൾ ഒഴിവാക്കാം:
പുതിയ ഫോൺ വാങ്ങി ഓൺ ചെയ്യുമ്പോൾ തന്നെ അതിൽ നിർമാതാക്കൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത നിരവധി ആപ്പുകൾ കാണാൻ സാധിക്കും. ബ്ലോട്ട്വെയർ എന്നറിയപ്പെടുന്ന ഇവയിൽ ഭൂരിഭാഗവും നമ്മൾ അപൂർവമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. ഈ ആപ്പുകൾ ഫോണിന്റെ സ്റ്റോറേജ് കുറയ്ക്കുക മാത്രമല്ല, ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ച് ബാറ്ററി വേഗത്തിൽ തീർക്കുകയും ചെയ്യും. അതിനാൽ ആവശ്യമില്ലാത്ത ഇത്തരം ആപ്പുകൾ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യുകയോ ഡിസേബിൾ ചെയ്യുകയോ ചെയ്യുന്നതാണ് നല്ലത്.
ഡാർക്ക് മോഡ് ഓണാക്കാം:
നിങ്ങൾ വാങ്ങിയ ഫോണിൽ ഒഎൽഇഡി ഡിസ്‌പ്ലേ ആണുള്ളതെങ്കിൽ 'ഡാർക്ക് മോഡ്' ഓണാക്കാൻ മറക്കരുത്. ഇത് നിങ്ങളുടെ കണ്ണിന്റെ ക്ഷീണം കുറയ്ക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, സ്ക്രീൻ ഉപയോഗിക്കുന്ന ബാറ്ററി ഉപഭോഗം ഗണ്യമായി കുറയ്ക്കുകയും ചെയ്യും. നിലവിൽ പുറത്തിറങ്ങുന്ന മിക്ക സ്മാർട്ട്‌ഫോണുകളിലും ഓട്ടോ-ഡാർക്ക് മോഡ് സവിശേഷതയുണ്ട്. ഇത് പകലും രാത്രിയും തിരിച്ചറിഞ്ഞ് യാന്ത്രികമായി തന്നെ ഡിസ്‌പ്ലേ മോഡ് ക്രമീകരിക്കും.
ബാറ്ററി ചാർജ് പരിധി നിശ്ചയിക്കാം:
ഫോൺ എപ്പോഴും 100 ശതമാനം വരെ ചാർജ് ചെയ്യുന്നത് ക്രമേണ ബാറ്ററിയുടെ ലൈഫിനെ മോശമായി ബാധിക്കും. ഇതൊഴിവാക്കാൻ പല പുതിയ ഫോണുകളിലും ബാറ്ററി ചാർജ് ലിമിറ്റ് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ബാറ്ററി ചാർജ് പരമാവധി 80 മുതൽ 90 ശതമാനം വരെയായി നിശ്ചയിക്കുന്നതാണ് ഫോണിന്റെ ദീർഘകാല ആയുസിന് ഏറ്റവും അനുയോജ്യം.
ഡിസ്‌പ്ലേ റെസല്യൂഷൻ മാറ്റാം:
വിലകൂടിയ പ്രീമിയം സ്മാർട്ട്ഫോണുകളിൽ ഉയർന്ന റെസല്യൂഷൻ ഡിസ്പ്ലേകൾ ഉണ്ടാവാറുണ്ടെങ്കിലും, കമ്പനികൾ ഡിഫോൾട്ടായി അത് താഴ്ന്ന റെസല്യൂഷൻ സെറ്റിങ്സിലേക്ക് ആയിരിക്കും സജ്ജീകരിച്ചിട്ടുണ്ടാവുക. ഫോൺ ക്യുഎച്ച്ഡി+ (QHD+) വരെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ, സെറ്റിങ്സിൽ പോയി അത് മാറ്റുന്നത് വഴി ഫോണിന്റെ സ്ക്രീൻ നിലവാരം പൂർണമായും ആസ്വദിക്കാൻ സാധിക്കും.
ലൊക്കേഷൻ ആക്‌സസ് നിയന്ത്രിക്കാം:
പല ആപ്പുകളും കൃത്യമായി പ്രവർത്തിക്കാൻ ലൊക്കേഷൻ ഓൺ ആക്കേണ്ടി വരാറുണ്ട്. എന്നാൽ എല്ലാ ആപ്പുകൾക്കും എപ്പോഴും ലൊക്കേഷൻ അനുമതി നൽകുന്നത് ബാറ്ററിക്കും നിങ്ങളുടെ സ്വകാര്യതയ്ക്കും ഭീഷണിയാണ്. മാപ്പുകൾ, കാലാവസ്ഥ തുടങ്ങിയ അത്യാവശ്യ ആപ്പുകൾക്ക് മാത്രം ലൊക്കേഷൻ ആക്‌സസ് അനുവദിക്കുകയും, മറ്റുള്ളവയ്ക്ക് അത് ഓഫ് ചെയ്യുകയും വേണം. ബാക്കി സമയങ്ങളിൽ ലൊക്കേഷൻ പൂർണമായി ഓഫ് ചെയ്യുന്നത് വഴി ഫോണിന്റെ ബാറ്ററി കൂടുതൽ നേരം നിലനിർത്താം.









0 comments