സംഗീത പരിപാടിക്കിടെ അമിതമായി മദ്യപിച്ചു; മുംബൈയില്‍ യുവാവിന് ദാരുണാന്ത്യം

image: the new indian express
മുംബൈ : മുംബൈയിലെ വോർളി ഏരിയയിൽ നടന്ന സംഗീത പരിപാടിക്കിടെ അമിതമായി മദ്യപിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. മാഹീം സ്വദേശിയായ 28കാരനായ ഋഷഭ് ഗാംഗുർഡെയാണ് മരിച്ചത്.
ഋഷഭിനൊപ്പം പരിപാടിയിൽ പങ്കെടുക്കുകയും മദ്യപിക്കുകയും ചെയ്ത സുഹൃത്തായ സ്ത്രീ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി എൻഎസ്സിഐ ഡോം വോർളിയിൽ നടന്ന 'ക്ലാംഗ്ക്യുൻസ്റ്റ്‌ലർ ഓൾ നൈറ്റ് ലോംഗ്' മ്യൂസിക് ഇവന്റിലാണ് ഇരുവരും പങ്കെടുത്തത്. പരിപാടിക്കിടെ അമിതമായി മദ്യപിച്ച ഇരുവർക്കും കടുത്ത ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഋഷഭ് ഗാംഗുർഡെ മരണപ്പെടുകയായിരുന്നു. ഋഷഭിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ ജസ്ലോക് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. മദ്യവും എനർജി ഡ്രിങ്കുകളും മാത്രമേ കഴിച്ചിട്ടുള്ളൂവെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും യുവതി മൊഴി നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ലഹരി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പരിപാടി സംഘടിപ്പിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഋഷഭിന്റെ മൃതദേഹം പോസ്റ്റമോർട്ടത്തിനായി മാറ്റിയതായും അധികൃതർ വ്യക്തമാക്കി. ഹൃദയാഘാതമാകാം മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൃത്യമായി പറയാൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.










0 comments