ജാർഖണ്ഡിൽ ഗോത്രവർഗ്ഗ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത ഒരാളടക്കം ഒമ്പത് പേർ പിടിയിൽ

റാഞ്ചി : ജാർഖണ്ഡിലെ റാഞ്ചിയിൽ ഇരുപതുകാരിയായ ഗോത്രവർഗ്ഗ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
റാഞ്ചി ജില്ലയിലെ മന്ദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
യുവതിയെ പ്രതികൾ ബലമായി ഗ്രാമത്തിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി ശനിയാഴ്ച നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് യുവതിയെ റാഞ്ചിയിലെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ബുർമു, ചാൻഹോ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് ഒൻപത് പേരെയും കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ പ്രതികൾക്ക് 19നും 24നും ഇടയിലാണ് പ്രായം. കസ്റ്റഡിയിലായ പതിനഞ്ചുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും റാഞ്ചി എസ്പി ഗൗരവ് ഗോസ്വാമി വ്യക്തമാക്കി.










0 comments