ad
Deshabhimani

print edition സിജെപി സമ്മർദ ഗ്രൂ‍പ്പായി പ്രവർത്തിക്കും: ദിപ്‌കെ

Abhijeet Dipke

അഭിജീത്ത്‌ ദിപ്‌കെ

വെബ് ഡെസ്ക്

Published on Aug 06, 2026, 01:30 AM | 1 min read

ന്യൂഡൽഹി : സമ്മർദ ഗ്രൂപ്പായി പ്രവർത്തിക്കാനാണ്‌ കോക്രോച്ച്‌ ജനതാ പാർടിയുടെ നിലവിലെ തീരുമാനമെന്ന്‌ സ്ഥാപകൻ അഭിജീത്ത്‌ ദിപ്‌കെ. സിജെപി രാഷ്‌ട്രീയ പാർടിയാവുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ്‌ ദിപ്കെയുടെ മറുപടി. മഹാരാഷ്‌ട്രയിലെ ഛത്രപതി സാംഭാജി നഗറിൽ(ഒ‍ൗറംഗാബാദ്‌) സിജെപിയുടെ നേതൃയോഗം നടക്കുന്നതിന്‌ മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു പ്രതികരണം. രണ്ടുദിവസങ്ങളിലായി നടക്കുന്ന യോഗം വ്യാഴാഴ്‌ച സമാപിക്കും.


ഇന്ത്യക്ക്‌ നിലവിൽ ഒരു സമ്മർദ ഗ്ര‍ൂ‍പ്പിനേയാണ്‌ ആവശ്യം. മാധ്യമങ്ങൾ‍, നീതിന്യായ വ്യവസ്ഥ എന്നിവയിൽ ജനങ്ങളുടെ വിശ്വാസ്യത കുറയുന്നതിനെ സംബന്ധിച്ച്‌ യോഗത്തിൽ ചർച്ച ചെയ്യും. എഥനോൾ കലർത്തിയ പെട്രോൾ, രാജ്യത്തെ വർധിക്കുന്ന തൊഴിലില്ലായ്‌മ എന്നിവയും വിലയിരുത്തും. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ സന്ദർശിക്കുമെന്നും ദിപ്‌കെ അറിയിച്ചു. വിദ്യാഭ്യാസ വിദഗ്‌ധനും പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്‌ചുക്ക്‌ സിജെപിയുടെ മെന്ററായി പ്രവർത്തിക്കുമെന്ന്‌ വക്താവ്‌ സ‍ൗരവ്‌ ദാസ്‌ അറിയിച്ചു.


സ‍ൗരവ്‌ ദാസിന്റെ 
വീട്ടിൽ അതിക്രമം


സംഘപരിവാർ അനുകൂല യുടൂബ്‌ ചാനലുകൾ സ‍ൗരവ്‌ ദാസിന്റെ വീട്ടിലെത്തി അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു. വീടിന്റെ മേൽവിലാസവും വാടക വിവരങ്ങളുമുൾപ്പെടെയാണ്‌ പ്രചരിപ്പിച്ചത്‌. യുടൂബർമാരും ചാനലുകളും തന്റെ വീട്ടിൽ അതിക്രമിച്ച്‌ കയറി ദൃശ്യം പകർത്തുകയാണ്‌. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല. സുരക്ഷാ ഭീഷണിയുമുണ്ട്‌. ഏതെങ്കിലും വിധത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനം വീടിന്‌ നേരെയുണ്ടായാൽ ഇ‍ൗ യുടൂബർമാരും അവരെ ഏകോപിപ്പിക്കുന്നവരും ഉത്തരവാദികളാകുമെന്നും സ‍ൗരവ്‌ ദാസ്‌ എക്‌സിൽ കുറിച്ചു.


ജാർഖണ്ഡിലെ വിദ്യാർഥി 
പ്രക്ഷോഭത്തിന് പിന്തുണയുമായി വാങ്‌ചുക്


ജാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥിപ്രക്ഷോഭത്തിന്‌ പിന്തുണയുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്‌. ‘വിദ്യാർഥികളുടെ ഭാവിക്കായി നടത്തുന്ന സമരം രാജ്യശ്രദ്ധ നേടിയിട്ടുണ്ടെന്നും സർക്കാർ ഇടപെടണ’മെന്നും വാങ്ചുക് വീഡിയോ കോളിലൂടെ വിദ്യാർഥികളോട്‌ പറഞ്ഞു.


കഴിഞ്ഞ രണ്ട് മുതൽ പൂർണ നിരാഹാരത്തിലായിരുന്ന ദേവേന്ദ്ര നാഥ് മഹ്തോ വാങ്‌ചുക്കിന്റെ അഭ്യർഥനയെത്തുടർന്ന്‌ മഹ്‌തോ വെള്ളംകുടിച്ചു. നിരാഹരവും പ്രക്ഷോഭവും തുടരുമെന്ന്‌ മഹ്‌തോ പറഞ്ഞു. ആരോഗ്യനില ഗുരുതരമായതിനെത്തുടർന്നാണ്‌ വെള്ളമെങ്കിലും കുടിക്കണമെന്ന്‌ വാങ്‌ചുക് അഭ്യർഥിച്ചത്‌.

ജാർഖണ്ഡ്‌ പിഎസ്‌സി, സ്റ്റാഫ്‌ സെലക്ഷൻ കമീഷൻ എന്നിവയിലെ ക്രമക്കേടുകൾക്കെതിരെ റാഞ്ചിയിലെ ജയ്‌പാൽ സിങ്‌ സ്റ്റേഡിയത്തിലാണ്‌ വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home