സമരത്തിലേക്ക് കര്‍ഷക സംഘടനകൾക്ക് ക്ഷണം
വൈദ്യുതി മുടക്കി, ശുചിമുറി പൂട്ടി, കുടിവെള്ളം തടഞ്ഞു; കോക്രോച്ചസ് സമരം രണ്ടാം ദിവസവും തുടരുന്നു

സമര വേദി സുരക്ഷാ സേന വളഞ്ഞ നിലയിൽ; ഫോട്ടോ പിവി സുജിത്
ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹി ജന്തർ മന്ദറിൽ വിദ്യാർത്ഥി കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി' നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. ശനിയാഴ്ച അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും സമരം തുടർന്ന വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ഡൽഹി പോലീസ് ശ്രമിച്ചെങ്കിലും പ്രവര്‍ത്തകൾ സമര രംഗത്ത് ഉറച്ചു നിൽക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള സമരക്കാർ ഞായഴ്ചയും ജന്തർ മന്തറിൽ തുടരുകയാണ്. മന്ത്രി പുറത്ത് പോകുന്നതുവരെ സമരം എന്നാണ് പ്രഖ്യാപനം.
അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചു
സമരവേദിയിലേക്ക് കൂടുതൽ വിദ്യാര്‍ഥികൾ എത്തുന്നത് നിയന്ത്രിക്കാൻ പൊലീസ് കനത്ത സുരക്ഷാ മതിലുകൾ തീര്‍ത്തിരിക്കയാണ്. ശനിയാഴ്ച രാത്രി വൈകിയും സമരം തുടർന്നതോടെ സമരസ്ഥലത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പൊതുശുചിമുറികൾക്ക് താഴിട്ടു. കുടിവെള്ള വിതരണം തടസ്സപ്പെടുത്തുകയുംചെയ്തു. സമരക്കാർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിന് പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും നേതാക്കൾ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും മൊബൈൽ ഫോൺ ടോർച്ചുകൾ തെളിച്ച് സമരക്കാർ രാത്രി മുഴുവൻ പ്രതിഷേധം തുടർന്നു.
അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചും തടഞ്ഞും സമരക്കാരെ സമ്മര്‍ദ്ദത്തിലാക്കി ഒടിക്കാനാണ് ഡൽഹി പൊലീസ് ശ്രമം. ബല പ്രയോഗം നടത്തുന്നത് സമരക്കാര്‍ക്ക് ഊര്‍ജം പകരുമെന്ന റിപ്പോര്‍ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തന്ത്രങ്ങൾ. സൗകര്യങ്ങൾ നിഷേധിച്ചത് വിവാദമായതോടെ ഞായറാഴ്ച രാവിലെയോടെ ശുചിമുറികളിലെ ജലവിതരണം പുനഃസ്ഥാപിക്കുകയും ലൈറ്റുകൾ വീണ്ടും തെളിയിക്കുകയും ചെയ്തതായി സമരക്കാർ അറിയിച്ചു.

സിജെപിയുടെ ക്ഷണത്തോടെ എസ് എഫ് ഐ, ഐസ, എ ഐ എസ് എഫ് തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും സമര രംഗത്തെത്തി. കശ്മീരിൽ നിന്നുള്ള പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകൻ സോനം വാങ് ചുകും സമരത്തിന്റെ ഭാഗമായി. നീറ്റ് യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയും പുന:പരീക്ഷയും തീര്‍ത്ത മാനസിക സമ്മര്‍ദ്ദത്താൽ ജീവനൊടുക്കിയ വിദ്യാര്‍ഥികൾക്ക് ആദരാജ്ഞലികൾ അര്‍പ്പിച്ചും ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങൾ എന്തിയുമാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്.
പങ്കാളികളാവാൻ കർഷകരോടും ആഹ്വാനം
ലോക്ഡൗൺ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാത്രങ്ങൾ കൊട്ടാൻ ആഹ്വാനം ചെയ്തതിനെ പരിഹസിച്ചുകൊണ്ട്, സമരസ്ഥലത്തേക്ക് പ്ലേറ്റും സ്പൂണുമായി എത്താൻ അണികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് നൂറുകണക്കിന് വിദ്യാർത്ഥികളാണ് പാത്രങ്ങൾ കൊട്ടി 'ധർമേന്ദ്ര പ്രധാൻ രാജി വെക്കുക' എന്ന മുദ്രാവാക്യവുമായി പ്രതിഷേധിക്കുന്നത്.
സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കർഷകരോടും വിദ്യാർത്ഥി സമരത്തിനൊപ്പം അണിചേരാൻ ദിപ്കെ ആഹ്വാനം ചെയ്തിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകൾ മൂലം ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന നീറ്റ് റീ-എക്സാം ഞായറാഴ്ച നടക്കുകയാണ്. പരീക്ഷയെ അഭിമുഖീകരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രക്ഷോഭകര്‍ ആശംസകൾ നേർന്നു. പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികളോട് ജന്തർ മന്തറിലെ സമരപ്പന്തലിലേക്ക് എത്താനും ആഹ്വാനം ചെയ്തു.
പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഡൽഹി പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ഉൾപ്പെടെയുള്ള വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സമരസ്ഥലത്തേക്ക് പുതിയ ആളുകൾ പ്രവേശിക്കുന്നത് തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു മറച്ചു. കേന്ദ്രമന്ത്രി രാജി വെക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോക്രോച്ചസ് പ്രക്ഷോഭകര്‍.










0 comments