കോയമ്പത്തൂരിലെ 10 വയസ്സുകാരിയുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ; കർശന നടപടിയെന്ന് മുഖ്യമന്ത്രി വിജയ്

സുലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്ന നാട്ടുകാർ (ഇടത്), മുഖ്യമന്ത്രി വിജയ് (വലത്)
കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപകപ്രതിഷേധം. മെയ് 21ന് സുലൂരിനടുത്തുള്ള വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെ കാണാതായ പെൺകുട്ടിയെ പിന്നീട് കണ്ണമ്പാളയത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജലസംഭരണിക്ക് സമീപത്തുനിന്നും കണ്ടെടുത്ത മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി അയച്ചിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് 33കാരനായ യുവാവിനെ ശനിയാഴ്ച പുലർച്ചെ കോയമ്പത്തൂരിലെ സുലൂർ പൊലീസ് അറസ്റ്റ് ചെയ്തു. നാഗപട്ടണം സ്വദേശിയായ കാർത്തിക് ആണ് അറസ്റ്റിലായത്. ഇയാൾ കോയമ്പത്തൂർ ജില്ലയിലെ സുലൂരിനടുത്തുള്ള പല്ലപാളയത്താണ് താമസിച്ചിരുന്നത്. ഇയാളെ സഹായിച്ചുവെന്ന കുറ്റത്തിന് കൂട്ടാളിയായ മോഹൻ രാജിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം കാണാതായ പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് കണ്ണമ്പാളയത്തിന് സമീപമുള്ള തടാകക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനടുത്തുള്ള ഒരു പലചരക്ക് കടയിലേക്ക് പോയ കുട്ടിയെ കാർത്തിക് ഇരുചക്ര വാഹനത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെ സുലൂർ റോഡിൽ വലിയ രീതിയിൽ പ്രതിഷേധം നടത്തി. വെസ്റ്റ് സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐജി) ആർ വി രമ്യ ഭാരതി സ്ഥലം സന്ദർശിക്കുകയും പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തുകയും ചെയ്തു.
മുഖ്യമന്ത്രി നേരിട്ട് പ്രസ്താവനയിറക്കുകയോ നീതി ഉറപ്പാക്കുകയോ ചെയ്യാതെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി. സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെച്ചൊല്ലി വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തു. ഇതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റകൃത്യത്തെ അപലപിച്ചുകൊണ്ടും ദ്രുതഗതിയിലുള്ള നടപടികൾ ഉറപ്പുനൽകിക്കൊണ്ടും പ്രസ്താവന പുറത്തിറക്കി.
"കോയമ്പത്തൂരിൽ പത്ത് വയസ്സുകാരിക്ക് നേരെയുണ്ടായ ഭയാനകമായ സംഭവം അതീവ വേദനയും ഞെട്ടലും ഉണ്ടാക്കുന്നതാണ്. ഇത്തരം മനുഷ്യത്വരഹിതവും ക്ഷമിക്കാനാവാത്തതുമായ കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ ഒരിക്കലും വച്ചുപൊറുപ്പിക്കാനാവില്ല"-മുഖ്യമന്ത്രി വിജയ് പ്രസ്താവനയിൽ പറയുന്നു.
കേസിൽ സമഗ്രവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്താനും എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
സുലൂർ മണ്ഡലത്തിലെ ടിവികെ എംഎൽഎ ആയ എൻ എം സുകുമാറും പ്രദേശം സന്ദർശിക്കുകയും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.









0 comments