'ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ എഫ്സിആർഎ ഭേദഗതി'; ബിജെപിയുടേത് കിരാത നിയമമെന്ന് എം കെ സ്റ്റാലിൻ

നാഗർകോവിൽ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ മതസ്വാതന്ത്ര്യത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നാഗർകോവിൽ സന്ദർശനത്തിനിടെ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും ശ്വാസം മുട്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പുതിയ നിയമഭേദഗതി പ്രകാരം വിദേശ സഹായം സ്വീകരിക്കുന്ന എൻജിഒകളുടെ ലൈസൻസ് റദ്ദാക്കാനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാരിന് അമിതാധികാരം ലഭിക്കുമെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ഇത് ക്രൈസ്തവ സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും ലക്ഷ്യം വെച്ചുള്ളതാണ്. ഈ കിരാത നിയമം ഭരണഘടനാ വിരുദ്ധമാണ്. മതസൗഹാർദ്ദത്തിനും മാനവികതയ്ക്കും എതിരെ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന് ഭീഷണിയാണെന്നും സ്റ്റാലിൻ പറഞ്ഞു.
കേരളം, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് ഇപ്പോൾ ഈ ബിൽ കേന്ദ്രം താൽക്കാലികമായി മാറ്റിവെച്ചിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ഇത് പാസാക്കാനാണ് ബിജെപി നീക്കം. ക്രൈസ്തവ വിഭാഗത്തിന് വലിയ സ്വാധീനമുള്ള കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് ഈ പിന്മാറ്റമെന്നും അദ്ദേഹം പരിഹസിച്ചു.
ശ്രീലങ്കൻ നാവികസേന തമിഴ് മത്സ്യത്തൊഴിലാളികളെ ആക്രമിക്കുന്ന സംഭവത്തിൽ മോദി സർക്കാർ പരാജയമാണെന്നും സ്റ്റാലിൻ ആരോപിച്ചു. അയൽരാജ്യങ്ങൾക്കിടയിൽ പോലും ഇന്ത്യയുടെ സ്വാധീനം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്.
തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന എൻഡിഎയെ വോട്ടർമാർ തള്ളിക്കളയുമെന്നും ദ്രാവിഡ മോഡൽ ഭരണത്തിന് മുന്നിൽ ബിജെപിയുടെ വർഗീയ രാഷ്ട്രീയം ചെലവാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











0 comments