ജമ്മു കശ്‌മീർ മേഘവിസ്‌ഫോടനം ; ഉറ്റവര്‍ക്കായി തിരച്ചിൽ , മരണം 60

ശ്രീനഗർ
ജമ്മു കശ്‌മീരിൽ മേഘവിസ്‌ഫോടനത്തെതുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി. കുടുങ്ങി കിടക്കുന്നവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള അറിയിച്ചു. മേഖലയിൽ ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നതിനിടയിലും കുടുങ്ങി കിടക്കുന്നവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. പൊലീസ്, കരസേന, ദേശീയ–സംസ്ഥാന ദുരന്ത നിവാരണ സേനകളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. 167 പേരെ രക്ഷപ്പെടുത്തി. 69 പേരെ കാണാതായതായി ബന്ധുക്കൾ പറയുന്നു. രണ്ടു സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടേത് അടക്കം 60 പേരുടെ മൃതദേഹമാണ് ഇതുവരെ പുറത്തെടുത്തത്. ഹിമാലയൻ ക്ഷേത്രമായ മാതാ ചണ്ഡിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന ചോസതിയിൽ വ്യാഴാഴ്‌ച പകൽ 12.25 നാണ് മിന്നൽപ്രളയമുണ്ടായത്.
ഹോട്ടലുകളും ചെക്ക് പോസ്റ്റുകളും കെട്ടിടങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. 16 വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ, മൂന്ന് ക്ഷേത്രങ്ങൾ, പാലം, 12 വാഹനങ്ങൾ എന്നിവയ്‌ക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള തീർഥാടനം താൽക്കാലികമായി നിരോധിച്ചു.
ആഗസ്ത് 13 നും 15നുമിടയിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നൽകിയിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. അധികൃതരുടെ ഭാഗത്തുനിന്നും വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.








0 comments