ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിലെ വിവിധ മേഖലകളിൽ ഒമ്പതാം ദിവസവും ഏറ്റുമുട്ടൽ

army

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 03, 2025, 09:00 AM | 2 min read

ശ്രീന​ഗർ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിലെ (എൽ‌ഒ‌സി) വിവിധ മേഖലകളിൽ ഇന്ത്യ- പാക് സൈനികർ തമ്മിലുള്ള വെടിവയ്പ്പ് തുടർച്ചയായ ഒമ്പതാം രാത്രിയും തുടർന്നതായി അധികൃതർ അറിയിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം ആരംഭിച്ച അതിർത്തിയിലെ ഏറ്റുമുട്ടലിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


അതിർത്തിക്കപ്പുറത്തു നിന്ന് തുടർച്ചയായി ഒമ്പത് രാത്രികളിൽ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടന്നു. നിയന്ത്രണ രേഖയിലാണ് കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) ഒരു വെടിവയ്പ്പ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ- പാക് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്.


മെയ് 1നും ഇന്നലെ രാത്രിയിലും ജമ്മു & കാശ്മീർ കേന്ദ്രഭരണ പ്രദേശമായ കുപ്വാര, ഉറി, അഖ്നൂർ പ്രദേശങ്ങൾക്ക് സമീപത്തെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തിരുന്നു. ഇന്ത്യൻ സൈന്യം കൃത്യമായി തിരിച്ചടിച്ചതായി സൈനിക വതക്താവ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയിരുന്നു. ഏപ്രിൽ 24 രാത്രി മുതൽ കശ്മീർ താഴ്‌വര മുതൽ ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലെ വിവിധ സ്ഥലങ്ങളിൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിവരികയാണ്.


വടക്കൻ കശ്മീരിലെ കുപ്വാര, ബാരാമുള്ള ജില്ലകളിലെ നിയന്ത്രണരേഖയിലെ നിരവധി പോസ്റ്റുകളിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ വെടിയുതിർത്തിരുന്നു. പിന്നാലെ പൂഞ്ച് സെക്ടറിലും ജമ്മു മേഖലയിലെ അഖ്നൂർ സെക്ടറിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. തുടർന്ന് രജൗരി ജില്ലയിലെ സുന്ദർബാനി, നൗഷേര സെക്ടറുകളിലെ നിയന്ത്രണരേഖയിലെ നിരവധി പോസ്റ്റുകളിൽ വെടിവയ്പ്പ് നടന്നു. ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിലെ പർഗ്വാൾ സെക്ടറിലേക്കും വെടിവയ്പ്പ് വ്യാപിക്കുകയായിരുന്നു.


ഏപ്രിൽ 24 ന് പാകിസ്ഥാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടച്ചിരുന്നു. വാഗാ അതിർത്തി അടയ്ക്കുകയും ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിൽ അടുത്തിടെ ചർച്ചകൾ നടന്നിരുന്നു. ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതായാണ് വിവരം.


പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ പരിശീലനം നൽകുന്നതായും റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നുണ്ട്. മദ്രസകൾ താത്കാലികമായി അടച്ചു. സ്കൂളുകളിൽ പ്രത്യേക ക്യാമ്പുകൾ തുറന്നാണ് പരിശീലനം നൽകുന്നത്. കരയിൽ നിന്ന് കരയിലേക്ക് തൊടുക്കുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്താൻ പാകിസ്ഥാൻ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. പരീക്ഷണം പ്രകോപനമായി കണക്കാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home