ad
Deshabhimani

പരീക്ഷാ ക്രമക്കേട്: ജന്തർ മന്ദറിലെ സമരം മൂന്നാം ദിവസത്തിലേക്ക്; കർഷക സംഘടനകളും പങ്കുചേരുന്നു

cjp delhi
വെബ് ഡെസ്ക്

Published on Jun 22, 2026, 11:32 AM | 1 min read

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ചോദ്യപേപ്പർ ചോർച്ചയിലും സിബിഎസ് സി ഉൾപ്പെടെ പരീക്ഷകളിലെ വീഴ്ചകളിലും പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്ദറിൽ പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക്. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച പ്രതിഷേധം ഞായറാഴ്ച രാത്രിയും കനത്ത പോലീസ് കാവലിൽ തുടര്‍ന്നു. വരും മണിക്കൂറുകളിൽ പ്രമുഖ കർഷക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന്തർ മന്ദറിലേക്ക് എത്തുമെന്ന് നേതാക്കൾ അറിയിച്ചു.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. പരീക്ഷാ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കുക എന്നതുൾപ്പെടെ ആവശ്യങ്ങൾ യുവാക്കൾ മുന്നോട്ട് വെക്കുന്നു. ചോർച്ചയെത്തുടർന്നുണ്ടായ മാനസികവിഷമം മൂലം ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും ആവശ്യം ഉന്നയിച്ചു.


പ്രതിസന്ധികളെ അതിജീവിച്ച്

രാത്രികാല സമരം


ഞായറാഴ്ച രാത്രി വൈകിയും ഇരുന്നൂറിലധികം പ്രതിഷേധക്കാരാണ് സമരവേദിയിൽ നിലയുറപ്പിച്ചത്. മുദ്രാവാക്യം വിളികളും പ്രസംഗങ്ങളും വിപ്ലവ-ദേശഭക്തി ഗാനങ്ങളുമായി പ്രതിഷേധക്കാർ രാത്രിയിലും സജീവമായി. തദ്ദേശീയ വാദ്യോപകരണങ്ങൾ ഉപയോഗിച്ചും കൈയടിച്ചും യുവജനങ്ങളും വിദ്യാർത്ഥികളും സമരത്തിന് ആവേശം പകർന്നു.


സമരസ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. സമരക്കാർക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാത്രിയിലും സമരവേദിയിൽ എത്തിച്ചു നൽകി.


സമരം കൂടുതലായി ജനശ്രദ്ധ ആകർഷിക്കുന്ന പശ്ചാത്തലത്തിൽ ജന്തർ മന്ദറിലും പരിസര പ്രദേശങ്ങളിലും ഡൽഹി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സമരവേദിക്ക് ചുറ്റും കനത്ത ബാരിക്കേഡുകൾ സ്ഥാപിക്കുകയും വൻതോതിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്ദറിൽ നടത്തുന്ന രണ്ടാമത്തെ വലിയ പ്രതിഷേധമാണിത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home