ad
Deshabhimani

ഏതെങ്കിലും മുന്നണി ഭരിക്കുന്നതുകൊണ്ടല്ല പകർച്ചവ്യാധി വരുന്നത്; പ്രതിരോധപ്രവർത്തനംപാളി; വകുപ്പുകൾ തമ്മിൽ ഏകോപനമില്ല: മുഹമ്മദ് റിയാസ്

K Muraleedharan P A Muhammad Riyas

കെ മുരളീധരൻ, പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്ക്

Published on Jun 22, 2026, 12:35 PM | 3 min read

തിരുവനന്തപുരം: പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണായി പരാജയപ്പെട്ടെന്ന് പി എ മുഹമ്മദ് റിയാസ്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോൾ ഉത്തരവാദിത്തങ്ങളിൽനിന്ന് സർക്കാർ ഒളിച്ചോടുകയാണ്. നിപാ റിപ്പോർട്ട് ചെയ്യപ്പെട്ട കോഴിക്കോട് ഉൾപ്പെടെ വടക്കൻ കേരളത്തിൽ നാല് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരില്ല. പിഎസ്‍സി അഡ്വൈസ് ലഭിച്ച ഡോക്ടർമാരെ നിയമിക്കുന്നില്ല. കുറ്റകരമായ അനാസ്ഥയാണ് സർക്കാർ കാട്ടുന്നതെന്നും നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് റിയാസ് പറഞ്ഞു.


പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഒരുമുന്നണി ഭരിക്കുന്നത് കൊണ്ടാണെന്ന് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല എൽഡിഎഫിനെന്ന് റിയാസ് പറഞ്ഞു. പകർച്ചവ്യാധി പകരാതിരിക്കാൻ സർക്കാരിനൊപ്പംനിന്ന് മുന്നോട്ടുപോകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാൽ അടിയന്തരമായി സർക്കാർ തിരുത്തേണ്ട വിഷയങ്ങളുണ്ട്. ലോകമാകെ അം​ഗീകരിച്ച ആരോ​ഗ്യമേഖലയിലെ കേരള മോഡലിനെ യുഡിഎഫ് കൈവിടുകയാണ്.


2021 മെയ് 20ന് എൽഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ കോവിഡ് കാലമായിരുന്നു. സർക്കാരിന്റെ ആദ്യമാസങ്ങ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിന്റേതായിരുന്നു. എന്നാൽ ഈ വർഷം മെയ് 18ന് അധികാരത്തിൽവന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യമാസം ഭരണപരമായ തർക്കങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും മാത്രമായി. നിപ, എംപോകോസ്, എബോള, ഷി​ഗെല്ല, വെസ്റ്റ്നെൽ, മലേറിയ, ഡെങ്കിപ്പനി, കോളറ, അമീബിക് മസ്തിഷ്കജ്വരം, കുരങ്ങുപനി - എന്നിങ്ങനെ മാരകസ്വഭാവമുള്ള രോ​ഗങ്ങൾ ഉൾപ്പെട പകരുകയാണ്.


പകർച്ചവ്യാധികൾ കേരളത്തിൽ പകരുന്നതിന്റെ കാരണം ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല. എന്നാൽ അവ തടയുന്നതിൽ സർക്കാരിന്റെ കാഴ്ചപ്പാട് എന്താണെന്നത് പ്രധാനമാണ്. ജൂൺ ഒന്നുമുതൽ 19വരെ പകർച്ചവ്യാധികൾ ബാധിച്ച് 87 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഷി​ഗെല്ല ബാധിച്ച് ഏഴ് പേർ മരിച്ചു. 133 പേരാണ് രോ​ഗബാധിതർ. പകർച്ചപ്പനി: 13 മരണം 1380 രോബാധിതർ, വയറിളക്കം: 5 മരണം 58031 രോബാധിതർ, മസ്തിഷ്കജ്വരം: 4 മരണം 14 രോ​ഗബാധിതർ, മഞ്ഞപ്പിത്തം: 4 മരണം 469 രോ​ഗബാധിതർ, ഡെങ്കിപ്പനി: 11 മരണം 1270 രോ​ഗബാധിതർ, എലിപ്പനി: 13 മരണം 469 രോ​ഗബാധിതർ, അമീബിക് മസ്തിഷ്കജ്വരം: 3 മരണം 13 രോ​ഗബാധിതർ, പനി 2 മരണം: 2,19,988 രോ​ഗബാധിതർ, നിപയിൽ ഒരാൾ അത്യാസന്ന നിലയിലാണ്.


2021 ഡിസംബർ 28ന് എൽഡിഎഫ് ഭരണകാലത്ത് അന്നത്തെ വടകര എംപി കൂടിയായിരുന്ന ഇന്നത്തെ ആരോ​ഗ്യമന്ത്രി കെ മുരളീധരൻ പ്രസം​ഗിച്ചത് എരണംകെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്നാണ്. "നിപാ പോലെ കേരളത്തിൽ ഇതുവരെ കേൾക്കാത്ത രോ​ഗങ്ങൾ ബാധിക്കുന്നു. വവ്വാലാണത്രേ അത് പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ഭരിച്ചപ്പോൾ നാട്ടിൽ വവ്വാലുകൾ ഉണ്ടായിരുന്നില്ലേ. ഇപ്പോൾ വവ്വാൽ രോ​ഗം പരത്താൻ കാരണം ഭരിക്കുന്നവർ ശരിയല്ലാത്തതുകൊണ്ടാണ്". എന്നായിരുന്നു മുരളീധരന്റെ പ്രസം​ഗം. എന്നാൽ ഈ കാഴ്ചപ്പാടല്ല എൽഡിഎഫിന്. വ്യക്തിപരമായി മന്ത്രിയെയോ മുഖ്യമന്ത്രിയെയോ ഈ വിഷയത്തിൽ അധിക്ഷേപിക്കുന്നത് എൽഡിഎഫിന്റെ രാഷ്ട്രീയസംസ്കാരമല്ല.


ഒരു മാസത്തിനുള്ളിൽ ആരോ​ഗ്യവകുപ്പിലെ ഏകോപനപ്രശ്നങ്ങൾ ​ഗുരുതരമാണ്. നിപാ പരിശോധനാ ഫലം കോഴിക്കോട് വന്ന ഘട്ടത്തിൽ ആരോ​ഗ്യമന്ത്രി പറഞ്ഞത് ഫലം കിട്ടിയിട്ടില്ലെന്നാണ്. എന്നാൽ പരിശോധനാഫലം കിട്ടിയെന്ന് ഉടനെതന്നെ കോഴിക്കോട് ജില്ലാ കലക്ടർ പറഞ്ഞു. രോ​ഗബാധിതന്റെ നില തൃപ്തികരമെന്നാണ് ആരോ​ഗ്യമന്ത്രി അറിയിച്ചത്. എന്നാൽ അത്യാസന്നനിലയിലാണെന്ന് കലക്ടർ പറഞ്ഞു. പാലക്കാട് കോളറ സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി അവകാശപ്പെട്ടു. എന്നാൽ മണിക്കൂറുകൾക്കകം ഡിഎംഒ പറഞ്ഞത് കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നാണ്. എബോള ഇന്ത്യയിൽ ഒരിടത്തും സ്ഥിരീകരിച്ചിട്ടില്ല് ആരോ​ഗ്യമന്ത്രി ഇപ്പോൾ പറയുന്നു. എന്നാൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോ​ഗസ്ഥർ എബോളയുണ്ടെന്ന് പറയുമോ എന്നാണ് ഭയം.


ഭരണകക്ഷിയിലെ പലരും ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥരെ സ്ഥലംമാറ്റാനുള്ള തിരക്കിലാണ്. കേരളം ഇതുവരെ കാണാത്ത കസേരയുദ്ധമാണ് ആരോ​ഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നടക്കുന്നത്. ഇതിനെ തുടർന്ന് പ്രതിരോധ യോ​ഗങ്ങൾ പോലും നടന്നില്ല. ജില്ലാ ഭരണസംവിധാനവും തദ്ദേശവകുപ്പുമായും ആരോ​ഗ്യവകുപ്പിന് ഏകോപനമില്ല. ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ വേണമെന്ന് പറഞ്ഞ് ദേവസ്വംവകുപ്പ് ആ​രോ​ഗ്യവകുപ്പിന് കത്തെഴുതി. ഡോക്ടർമരെ തരില്ലെന്ന് ആരോ​ഗ്യവകുപ്പ് മറുപടി നൽകി. ദേവസ്വംവകുപ്പിന്റെയും ആരോ​ഗ്യവകുപ്പിന്റെയും മന്ത്രി ഒരാൾ തന്നെയായിട്ടും ഏകോപനമുണ്ടായില്ല.


തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ കിടന്നരോ​ഗി കോവിഡ് ബാധിച്ച് മരിച്ചത് അങ്ങേയറ്റം ​ഗുരുതരമായ വിഷയമാണ്. തൊട്ടടുത്തുള്ള രോ​ഗിക്ക് കോവിഡ് ഉണ്ടായിന്നിട്ടും ​പരിശോധിച്ചില്ല. നിപാ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞ് അഞ്ച് ദിവസംകഴിഞ്ഞാണ് മരുന്ന് എത്തിക്കുന്നത്. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചശേഷമാണ് മരുന്ന് എത്തിയത്. കോഴിക്കോട് മുൻപ് നിപാ രോ​ഗവ്യാപനം ഉണ്ടായപ്പോൾ ജനപ്രതിനിധികളുടെ യോ​ഗം വിളിച്ചു. എന്നാൽ ഇപ്പോൾ ജനപ്രതിനിധികളെ തടയുന്നതിൽ രാഷ്ട്രീയ താൽപര്യമുണ്ടോ എന്ന് പരിശോധിക്കണം. രോ​ഗപ്രതിരോധപ്രവർത്തനങ്ങളിൽ ജനങ്ങളെ പങ്കാളികളാക്കുന്നില്ല. ഭരണം പൂർണമായും ഉദ്യോ​ഗസ്ഥകേന്ദ്രീകൃതമായെന്നും റിയാസ് ചൂണ്ടിക്കാട്ടി.


എന്നാൽ പ്രതിപക്ഷം പറയുന്നത്ര ഭീകരമായ അന്തരീക്ഷം കേരളത്തിലില്ല എന്നായിരുന്നു മറുപടിയായി ആരോ​ഗ്യമന്ത്രി മുരളീധരൻ ന്യായീകരിച്ചത്. ഭരണം മാറിയെന്ന് അറിയാത്ത ചില ഉദ്യോ​ഗസ്ഥരുണ്ടെന്നും അവരെ കസേര മാറ്റിയിരുത്തിയതാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home