ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു; നാല് പേർ ചികിത്സയിൽ

കോട്ടയം: കോട്ടയം കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു. പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (39) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
കഴിഞ്ഞ ദിവസമാണ് ഏഴംഗ സംഘം പരിപ്പ് തൊള്ളായിരത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത്. മൂന്ന് പേർ കുമളി സ്വദേശികളും നാല് പേർ കുമരകം സ്വദേശികളുമാണ്. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതോടെ കോട്ടയം കുമരകത്തെ എസ്എച്ച് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നാലു പേരുടെ നില മോശമായതിനെ തുടർന്ന് ഇവരെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ജ്യോതിഷിന്റെ മരണം.
ഷാപ്പിലെത്തിയ സംഘം തലക്കറിയാണ് കഴിച്ചതെന്നാണ് ഡോക്ടർമാർ നൽകിയ വിവരം. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്









0 comments