print edition ഗോദി മാധ്യമങ്ങളെ കൂവിവിളിച്ച് പാറ്റകൾ

ന്യൂഡൽഹി: ബിജെപിയേയും നരേന്ദ്രമോദിയേയും സേവിക്കുന്ന കോർപറേറ്റ് മാധ്യമങ്ങളെ ജന്തർ മന്തറിലെ സമരവേദിയിൽനിന്ന് കൂവിവിളിച്ച് ഇറക്കിവിട്ട് പാറ്റകൾ. ഡൽഹിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളും പ്രധാന ചാനലുകളും പ്രതിഷേധ വാർത്ത ശനിയാഴ്‌ച മുക്കുകയോ വളരെ അപ്രധാനമായി നൽകുകയോ ചെയ്‌തു.
പ്രധാന ഇംഗ്ലീഷ് ചാനലുകൾ പോലും പ്രക്ഷോഭ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യാനും തയ്യാറായില്ല. പ്രതിഷേധത്തെ ഇകഴ്‌ത്തിക്കാട്ടിയുള്ള തുടർചോദ്യങ്ങൾ ഗോദി മാധ്യമങ്ങൾ സമരവേദിയിൽ ചോദിച്ചതോടെയാണ് കൂവിവിളിക്കാൻ തുടങ്ങിയത്.
കേന്ദ്രസർക്കാരിനെ അനുകൂലിച്ച റിപ്പബ്ലിക്, ടൈംസ് നൗ, എബിപി, എൻഡിടിവി തുടങ്ങിയ ചാനലുകളെ വളഞ്ഞ പ്രതിഷേധക്കാർ ഇവരോട് മറുചോദ്യങ്ങളും ചോദിച്ചു. ആർഎസ്‌എസ് അനുകൂല യുട്യൂബ് ചാനലുകളും സമരവേദിയിയിലേയ്‌ക്ക് ഒഴുകിയെത്തി പ്രകോപനം സൃഷ്‌ടിക്കാൻ എത്തിയെങ്കിലും വിലപ്പോയില്ല.
ചില ബിജെപി ഓൺലൈൻ മാധ്യമങ്ങൾ പ്രതിഷേധത്തിന് ആളില്ലെന്നും പൊളിഞ്ഞുവെന്നും വരെ ബ്രേക്കിങ് നൽകി. ഇവരെയും പാറ്റകൾ സംഘടിതമായി ഇറക്കിവിട്ടു.
പേടിക്കില്ല, പോരാടും: അഭിജീത്ത് ദീപ്‌കെ
ന്യൂഡൽഹി: രാജ്യത്ത് ആർക്കെങ്കിലും ഹിന്ദു–മുസ്ലീം രാഷ്‌ട്രീയംകൊണ്ട് എന്തെങ്കിലും ലഭിച്ചോയെന്ന് കോക്രോച്ച് ജനതാ പാർടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദീപ്‌കെ. 10–12 വർഷമായി ഇവർ നമ്മളെ ഹിന്ദു–മുസ്ലീം രാഷ്‌ട്രീയത്തിൽ കുടിക്കിയിരിക്കുകയാണ്. ഇതുകൊണ്ട് ആർക്കെങ്കിലും ഇവിടെ ജോലി ലഭിച്ചോയെന്നും അഭിജീത്ത് ചേദിച്ചു.
‘ഇതൊരു ദീർഘസമരമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി സമൂഹമാധ്യമങ്ങളിലൂടെ ദിവസങ്ങളായി ആവശ്യമുന്നയിക്കുന്നു. ഇൗ നാണംകെട്ടവർ നടപടിയെടുക്കുന്നതിനുപകരം അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നു. നിങ്ങൾക്ക് പോസ്റ്റുകൾ നീക്കാം. പക്ഷെ ഞങ്ങളെ ഇല്ലാതാക്കാനാകില്ല. സർക്കാരിന് ഞങ്ങൾ വെറും കീടങ്ങളായിരിക്കും. എന്നാൽ അവകാശങ്ങൾക്കായി പോരാടാനുള്ള കഴിവ് ഞങ്ങൾക്കുണ്ട്. രാജ്യത്തെ ചെറുപ്പക്കാർ പേടിക്കില്ല, പോരാടും.’– അഭിജീത്ത് പറഞ്ഞു.
രാജ്യം മോദി സർക്കാരിനെക്കൊണ്ട് പൊറുതിമുട്ടി: ഐഷി ഘോഷ്
ന്യൂഡൽഹി: വർഗീയത ആളിക്കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പറഞ്ഞു. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും ഇൗ സർക്കാരിനെക്കൊണ്ട് പൊറുതിമുട്ടിയെന്ന് വ്യക്തമാക്കുന്നതാണ് പ്രതിഷേത്തിനെത്തിയ ആൾക്കൂട്ടം. എഴുപതിലധികം ചോദ്യപേപ്പർ ഏഴുവർഷത്തിനുള്ളിൽ ചോർന്നിട്ടും ആരും ഉത്തരവാദിത്തമേറ്റെടുക്കുന്നില്ല– അവർ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് സിജെപി എസ്‌എഫ്‌ഐയോട് ആവശ്യപ്പെട്ടിരുന്നു.










0 comments