'ബിരിയാണി ഭക്ഷണമാണ് അനുമതിയല്ല'; വ്യാജ സന്ദേശത്തിനെതിരെ സൊമാറ്റോ രംഗത്ത്

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വലിയ ജനരോഷത്തിന് കാരണമായ '370 രൂപ ബിരിയാണി' വിവാദത്തിന്റെ മറവിൽ സൊമാറ്റോയുടെ പേരിൽ വ്യാജ ആപ്പ് നോട്ടിഫിക്കേഷൻ പ്രചരിപ്പിച്ചവർക്കെതിരെ കമ്പനി രംഗത്ത്. "ബിരിയാണി അയച്ചുതരട്ടേ? വെറും 370 രൂപയേ ഉള്ളൂ" എന്ന രീതിയിൽ സൊമാറ്റോയുടേതെന്ന തരത്തിലുള്ള നോട്ടിഫിക്കേഷൻ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനെതിരെയാണ് ലിങ്ക്ഡ്ഇൻ പ്ലാറ്റ്‌ഫോമിലൂടെ കമ്പനി വിശദീകരണം നൽകിയത്. "ബിരിയാണി എന്നത് ഭക്ഷണമാണ്, അല്ലാതെ ലൈംഗികാനുമതിയല്ല (Consent)" എന്ന് പങ്കുവെച്ചുകൊണ്ടാണ് സൊമാറ്റോ ഔദ്യോഗിക പ്രതികരണം നടത്തിയത്. ഞങ്ങളുടെ പേരിൽ പ്രചരിക്കുന്ന അശ്ലീലച്ചുവയുള്ള ആ നോട്ടിഫിക്കേഷൻ സ്ക്രീൻഷോട്ട് തികച്ചും വ്യാജമാണെന്നും അത്തരമൊരു സന്ദേശം കമ്പനി എഴുതുകയോ അയക്കുകയോ ചെയ്തിട്ടില്ലെന്നും സൊമാറ്റോ വ്യക്തമാക്കി.
വിവാദവുമായി ബന്ധപ്പെട്ട് നിരവധി മീമുകളും ട്രോളുകളും വരുന്നതിനിടയിലാണ് സൊമാറ്റോയുടെ പേരിലും വ്യാജ സ്ക്രീൻഷോട്ട് നിർമ്മിക്കപ്പെട്ടത്. പെൺകുട്ടികളുടെ അനുമതിയെയും ഡേറ്റിംഗ് സംസ്കാരത്തെയും മോശമായി ചിത്രീകരിക്കുന്നതാണ് ഈ ട്രോളുകളെന്ന വിമർശനം ഉയർന്നതോടെയാണ് സൊമാറ്റോ നേരിട്ട് വിശദീകരണവുമായി എത്തിയത്.

എന്താണ് '370 രൂപ ബിരിയാണി' വിവാദം?
സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണീത് മോറെ നടത്തിയ ഒരു ലൈവ് ഷോയ്ക്കിടയിലാണ് വിവാദങ്ങൾക്ക് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. പരിപാടിക്കിടെ കാണികളിലൊരാളായ ഹിമാൻഷു ജാൻഗ്ര എന്ന 22 കാരൻ തനിക്കുണ്ടായ ഒരു ഡേറ്റിംഗ് അനുഭവം പങ്കുവെച്ചു. ഒരു പെൺകുട്ടിയുമായി ഡേറ്റിംഗിന് പോയപ്പോൾ താൻ 370 രൂപ കൊടുത്ത് ചിക്കൻ ബിരിയാണി വാങ്ങി നൽകിയെന്നും, ഭക്ഷണം കഴിഞ്ഞ് പെൺകുട്ടി തന്നെ വീട്ടിൽ കൊണ്ടുവിടാൻ ആവശ്യപ്പെട്ടപ്പോൾ താൻ പണം മുടക്കിയതാണ് അത് മുതലാക്കണമെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. പൈസ ചെലവാക്കിയ സ്ഥിതിക്ക് അതിന് പകരമായി ശാരീരിക അടുപ്പം (Physical Intimacy) പ്രതീക്ഷിക്കാൻ തനിക്ക് അവകാശമുണ്ടെന്ന രീതിയിലായിരുന്നു ഇയാളുടെ സംസാരം.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും പ്രതിഷേധവുമാണ് ഉയർന്നത്. പണം മുടക്കി ഭക്ഷണം വാങ്ങി നൽകിയാൽ പെൺകുട്ടിയുടെ ശരീരത്തിന്മേൽ അവകാശമുണ്ടെന്ന തരത്തിലുള്ള ചിന്താഗതിക്കെതിരെ പ്രമുഖ ഇൻഫ്ലുവൻസർമാരും സിനിമാ താരങ്ങളും രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ പരാമർശം നടത്തിയ യുവാവിന് ജോലി നഷ്ടപ്പെടുകയും, കൊമേഡിയൻ പ്രണീത് മോറെ പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സൊമാറ്റോയുടെ പേരും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്.









0 comments