ad
Deshabhimani

വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് അട്ടപ്പാടിയിൽ മൂന്ന് പേർക്ക് പരിക്ക്

SAJOHN ELEPHANT Dhikala 2.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 11, 2026, 08:27 AM | 1 min read

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അട്ടപ്പാടിയിലെ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മുള്ളിയിൽ ഉണ്ടായ ആക്രമണത്തിലാണ് ആദിവാസി യുവാവായ വെള്ളിങ്കിരിക്ക് (30) മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെ പുഴയിലേക്ക് പോകുന്നതിനിടെയാണ് വെള്ളിങ്കിരിയെ കാട്ടാന ആക്രമിച്ചത്.


അട്ടപ്പാടി ഗൂളിക്കടവിലായിരുന്നു രണ്ടാമത്തെ ആക്രമണം. രാവിലെ അഞ്ചരയോടെ ഓട്ടോയിൽ വരികയായിരുന്ന രണ്ടുപേരെ ഓട്ടോ മറിച്ചിട്ടാണ് കാട്ടാന ആക്രമിച്ചത്. യാത്രികയായ മിനി ഷാജിക്കും ഓട്ടോ ഡ്രൈവർ പ്രസാദിനും ആക്രമണത്തിൽ പരിക്കേറ്റു.


വയനാട്ടിലും കടുത്ത കാട്ടാന ശല്യം


വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പുത്തുമല സ്വദേശിനി ജെസി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് തോട്ടം തൊഴിലാളിയായ രാജുവും കൊല്ലപ്പെട്ടു.


ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കാട്ടിക്കുളം വെള്ളാഞ്ചേരി ഭാഗത്ത് ഒറ്റയാൻ ഇറങ്ങിയത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയെ തുരത്തുന്നതിനിടെ രാജു ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജു പിന്നീട് മരണത്തിന് കീഴടങ്ങി. മണിക്കൂറുകൾക്ക് ശേഷമാണ് ആനയെ വനവകുപ്പും നാട്ടുകാരും ചേർന്ന് കാടുകയറ്റിയത്.


തുടർച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പകൽ സമയങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ജനങ്ങൾ പ്രതികരിച്ചു. കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home