വയനാട്ടിൽ ഷിഗെല്ല ഭീതി: ബത്തേരി നഗരസഭയിലും 3 പഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പ്രതീകാത്മക ചിത്രം
കൽപ്പറ്റ: വയനാട് ജില്ലയിൽ ഷിഗെല്ല രോഗവ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ കടുത്ത പ്രതിരോധ നടപടികളുമായി ജില്ലാ ഭരണകൂടം. രോഗം പടരുന്നത് നിയന്ത്രിക്കുന്നതിനായി സുൽത്താൻ ബത്തേരി നഗരസഭ, നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകൾ എന്നിവടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ അഞ്ച് കുട്ടികൾക്ക് കൂടി പുതുതായി ഷിഗെല്ല സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം എട്ടായി ഉയർന്നു. നിലവിൽ ജില്ലയിലുടനീളം 502 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുള്ളത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്.
അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇതേ സ്കൂളിലെ മൂന്ന് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. വയറിളക്കം, കടുത്ത പനി, വയറുവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർഥികൾ ചികിത്സ തേടിയത്.
നിലവിൽ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അവർ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിലെ ഷിഗെല്ല ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നും നിലവിലെ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കൽ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.









0 comments