സംസ്ഥാനത്ത് അടുത്ത 4 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത നാല് ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ മൺസൂൺ സജീവമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കാണ് സാധ്യത.
ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ (ജൂൺ 12) കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലെർട്ടുമാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് 'ശക്തമായ മഴ' എന്നത് കൊണ്ട് അർഥമാക്കുന്നത്.
115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെ 'അതിശക്തമായ മഴ' എന്നും കണക്കാക്കുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ലൈനുകൾ തകരാനും സാധ്യതയുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 12 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.









0 comments