ad
Deshabhimani

കോഴിക്കോട് നിപാ: മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം; സമ്പർക്കപ്പട്ടിക വിപുലം, റൂട്ട് മാപ്പ് ഇന്ന്

Nipah wb
വെബ് ഡെസ്ക്

Published on Jun 11, 2026, 07:46 AM | 2 min read

കോഴിക്കോട്: ഫറോക്ക് സ്വദേശിയായ 43 കാരന് നിപാ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി.


ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലെ പ്രത്യേക നിപ ഐസലേഷൻ വാർഡിലേക്ക് മാറ്റിയത്. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ചികിത്സ തുടരുന്നത്.


മെഡിക്കൽ കോളേജ് വിആർഡിഎൽ ലാബിലെ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയതോടെ സ്രവ സാംപിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ അന്തിമ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്.


രോഗിയെ പ്രവേശിപ്പിച്ച ഐസലേഷൻ വാർഡിന് സമീപം കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ആശുപത്രിയിലെ സാവിത്രി ദേവി സാബു ബ്ലോക്കിലേക്കുള്ള വഴി പൂർണ്ണമായും അടയ്ക്കുകയും പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു.


വാർഡിന്റെ പരിസരത്ത് വാഹന പാർക്കിങ് പൂർണ്ണമായി നിരോധിച്ചു. ഡിസ്ചാർജ് ആകുന്ന രോഗികൾ ഉൾപ്പെടെയുള്ളവർ ആശുപത്രിയുടെ പ്രധാന ഗേറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.


രോഗബാധിതനായ യുവാവ് കഴിഞ്ഞ ഒരാഴ്ചയായി കടുത്ത പനിയെ തുടർന്ന് കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികൾ, ഒപി വിഭാഗങ്ങൾ, ഒരു ഡീ-അഡിക്ഷൻ സെന്റർ എന്നിവ സന്ദർശിക്കുകയും എംആർഐ സ്കാനിങ്ങിന് വിധേയനാവുകയും ചെയ്തിരുന്നു.


ഇതിനാൽ തന്നെ ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടിക വളരെ വിപുലമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. രോഗിയുടെ വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കാനും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താനുമുള്ള ഊർജ്ജിത ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു.


രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ ബന്ധുക്കൾ, സുഹൃത്തുക്കൾ, വിവിധ ആശുപത്രികളിലെ ജീവനക്കാർ എന്നിവരോട് ഇതിനകം തന്നെ കർശന ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്താൻ രോഗി താമസിക്കുന്ന രാമനാട്ടുകര നഗരസഭ അടിയന്തര അവലോകന യോഗം വിളിച്ചുചേർത്തു.


കോഴിക്കോട്ടെ നിപ സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് ഓഫീസിൽ വെച്ച് ഉന്നതതല യോഗം ചേരും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


യുവാവ് അടുത്തിടെ വാടകയ്‌ക്കെടുത്ത ഒരു ഗോഡൗൺ വ്യക്തിപരമായി വൃത്തിയാക്കിയിരുന്നതായും അവിടെ വവ്വാലുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതാകാം രോഗബാധയുടെ ഉറവിടമെന്നുമാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം.


പനി, തലവേദന, ശ്വാസതടസ്സം, മസ്തിഷ്കജ്വര ലക്ഷണങ്ങൾ എന്നിവയുള്ളവർ ഉടനടി ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home