ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ച് ഇറാൻ; കടന്നുപോകുന്ന എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

തെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാത്തരം കപ്പലുകൾക്കുമായി പൂർണ്ണമായും അടച്ചതായി ഇറാന്റെ സംയുക്ത സൈനിക കമാൻഡ് പ്രഖ്യാപിച്ചു. ഇനി ഈ ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏത് കപ്പലിനെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും ഇറാൻ സൈന്യം കടുത്ത മുന്നറിയിപ്പ് നൽകി.
ചർച്ചകളിൽ നിന്ന് പിന്നോട്ട് പോയെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രി അമേരിക്ക ഇറാന് മേൽ പുതിയ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രത്യാക്രമണം. ഉപരോധവും സമാധാന കരാർ ലംഘനവും മറികടന്ന് ഹോർമുസ് കടലിടുക്കിലൂടെ അനധികൃതമായി കടന്നുപോകാൻ ശ്രമിച്ച രണ്ട് എണ്ണക്കപ്പലുകളെ വെടിവെച്ച് തകർത്തതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് നേവി സ്ഥിരീകരിച്ചു.
അമേരിക്കൻ ശത്രുക്കൾ ഏപ്രിൽ മാസത്തിലെ വെടിനിർത്തൽ കരാർ ആവർത്തിച്ച് ലംഘിച്ച പശ്ചാത്തലത്തിലാണ് ഈ കടുത്ത നടപടിയെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലേക്ക് അടുക്കാൻ ശ്രമിക്കുന്ന ഏതൊരു വാണിജ്യ-വ്യാപാര കപ്പലുകളും ശത്രുപക്ഷത്തെ സഹായിക്കുന്നവരായി കണക്കാക്കി ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്.
ഇതോടെ ആഗോള ഇന്ധന വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലോകത്തെ എണ്ണക്കടത്തിന്റെ സിംഹഭാഗവും നിയന്ത്രിക്കുന്ന പാതയാണിത്. അതേസമയം, ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സഖ്യകക്ഷികളെ മുൻനിർത്തി ഇറാൻ നടത്തുന്ന പ്രതിരോധ നീക്കങ്ങളെ തകർക്കാൻ ഇസ്രയേലും അമേരിക്കയും ഒന്നിച്ച് ആക്രമണം ശക്തമാക്കുകയാണ്.
ഇറാന് ഇനി വളരെ ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ ഇറാന്റെ തീരമേഖലകളിലും തന്ത്രപ്രധാനമായ ഖേഷ്ം ദ്വീപിലും ബന്ദർ അബ്ബാസ്, സിരിക്, മിനാബ് എന്നീ നഗരങ്ങളിലും വൻ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ വ്യോമ പ്രതിരോധ റഡാറുകളും സൈനിക താവളങ്ങളും തകർക്കുകയായിരുന്നു യുഎസിന്റെ ലക്ഷ്യം.
എന്നാൽ സമാധാന ചർച്ചകൾക്കിടയിലും ബോംബുകൾ വർഷിച്ച് ഭീഷണിപ്പെടുത്തുന്ന അമേരിക്കൻ ശൈലിയോട് വഴങ്ങില്ലെന്ന് ഇറാന്റെ യുഎൻ അംബാസഡർ അമീർ സഈദ് ഇറവാനി വ്യക്തമാക്കി.നവംബറിലെ അമേരിക്കൻ കോൺഗ്രസ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ട്രംപ് നടത്തുന്ന യുദ്ധവെറി മിഡിൽ ഈസ്റ്റിനെ പൂർണ്ണമായ തകർച്ചയിലേക്ക് തള്ളിവിടുകയാണ്.









0 comments