ഡൽഹിയിൽ ട്രാഫിക് പൊലീസുകാരനെ കാറിടിച്ചുതെറിപ്പിക്കാൻ ശ്രമം

ന്യൂഡൽഹി: ഡൽഹിയിൽ തെറ്റായ ദിശയിലൂടെ വന്ന എസ്‌യുവി കാർ തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസുകാരുടെ മേൽ കാറോടിച്ചുകയറ്റാൻ ശ്രമം. അപകടത്തിൽ പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ സരായ് ജുലൈന റെഡ് ലൈറ്റിന് സമീപം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
റോഡിന്റെ തെറ്റായ വശത്തുകൂടി അമിതവേഗതയിൽ വന്ന കറുത്ത എസ്‌യുവി കാർ നിർത്താൻ ട്രാഫിക് പൊലീസുകാർ ആവശ്യപ്പെട്ടു. എന്നാൽ കാർ നിർത്താതെ പൊലീസുകാർക്ക് നേരെ ഓടിച്ചു കയറ്റാൻ ഡ്രൈവർ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഹെഡ് കോൺസ്റ്റബിൾ രാഹുലിനെ വണ്ടി ഇടിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾ സാദ് ബാബു ഖാൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അസ്ലം ഖാൻ എന്നിവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പൊലീസുകാരെ ഇടിച്ച ശേഷം എസ്‌യുവി നിർത്താതെ സംഭവസ്ഥലത്തുനിന്ന് അതിവേഗം പാഞ്ഞുപോയി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.









0 comments