print edition കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജി; കോട്ട വളയാൻ ഇന്ന് പാറ്റകളിറങ്ങും

ന്യൂഡൽഹി: നീറ്റ് ചോദ്യചോർച്ച, സിബിഎസ്‌ഇ ക്രമക്കേട് എന്നിവയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് കോക്രോച്ച് ജനതാ പാർടിയുടെ പ്രതിഷേധത്തിന് ശനിയാഴ്‌ച രാജ്യതലസ്ഥാനം സാക്ഷിയാവും. യുഎസിലുള്ള സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ രാവിലെ ഡൽഹിയിൽ വിമാനമിറങ്ങും. ഇവിടെ നിന്ന് പ്രതിഷേധത്തിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് ഒൻപത് മണിയോടെ പാർലമെന്റ സ്‌ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തും. സമരത്തിനെത്തുന്നവരോട് രാവിലെ ഒന്പതിന് പൊലീസ് സ്‌റ്റേഷന് മുന്നിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്താവളത്തിലെ ജനക്കൂട്ടം ഒഴിവാക്കാൻ ആരും അഭിജിത്തിനെ സ്വീകരിക്കാൻ എത്തരുതെന്നും അറിയിച്ചു. നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് സമാധാനപരമായാണ് പ്രതിഷേധിക്കുകയെന്ന് സിജെപി അറിയിച്ചു.
ദേശീയ പതാകയേന്തും; പൊലീസിന് പൂക്കൾ നൽകും
പ്രതിഷേധത്തിനെത്തുന്ന മുഴുവൻ ആളുകളും ഇന്ത്യയുടെ ദേശീയ പതാകയും ഒരു പുസ്‌തകവും കൊണ്ടുവരണം. ദൃശ്യങ്ങളെടുക്കണം. മോശം പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണം. ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണം.
ഒറ്റയ്‌ക്ക് വരുന്നതിന് പകരം സുഹൃത്തുക്കളെയും കുടുംബത്തിലുള്ളവരെയും കൂട്ടി പ്രതിഷേധത്തിനെത്തുക. പൊലീസുകാർക്ക് പൂക്കൾ നൽകുക. കളിയാക്കലുകളിലും പ്രകോപനങ്ങളിലും വീഴാതിരിക്കുക. സമാധനാപരവും ജനാധിപത്യപരവുമായ പ്രതിഷേധിക്കുക.
എന്റെ വിധി ഭരണഘടനയ്‌ക്ക് വിടുന്നു: അഭിജിത് ദീപ്‌കെ
യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടതായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ പറഞ്ഞു. ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. എന്റെ വിധി ഭരണഘടനയ്‌ക്ക് വിടുന്നു, ജയ് ഭീം എന്നും എക്സിൽ കുറിച്ചു.
സംഘപരിവാരത്തിന് തിരിച്ചടി
ന്യൂഡൽഹി: കോക്രോച് ജനതാ പാർടിയുടെ (സിജെപി) പ്രതിഷേധങ്ങളെ തടയാനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് കോടതിയിൽ തിരിച്ചടി. കോക്രോച്ച് ജനതാ പാർടിയുടെ പ്രതിഷേധത്തിനെതിരെ സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തീവ്രഹിന്ദുത്വ എൻജിഒ ആയ ‘സേവ് ഇന്ത്യ ഫൗണ്ടേഷൻ’ സമർപ്പിച്ച ഹർജി കേൾക്കാനാണ് കോടതി വിസമ്മതിച്ചത്.
നീറ്റ് ചോദ്യചോർച്ച, സിബിഎസ്‌ഇ മൂല്യനിർണയത്തിലെ വീഴ്‌ച എന്നിവ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്‌ച ഡൽഹി ജന്തർമന്തറിലാണ് സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ഡൽഹി നഗരത്തിലെ വിമാനത്താവളം, മെട്രോ സ്റ്റേഷൻ, ഹൈവേ പ്രവേശന പോയിന്റുകൾ എന്നിവിടങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അടിയന്തര നടപടികളെടുക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം മറ്റൊരു സ്ഥലത്തേയ്‌ക്ക് മാറ്റിക്കണമെന്നും വിദേശ സെർവർ ഉപയോഗിച്ച് രാജ്യത്തെ യുവാക്കളെ സിജെപി നിയന്ത്രണമില്ലാത്ത ഒരു സംഘമാക്കി മാറ്റിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിച്ചു.








0 comments