ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും കബളിപ്പിക്കപ്പെടുന്നു; ആശങ്കയറിയിച്ച് സുപ്രീംകോടതി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ സുപ്രീംകോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും ഇത്തരം സൈബർ കെണികളിൽ വീഴുന്നത് ഞെട്ടിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
സൈബർ തട്ടിപ്പുകാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. പൊലീസ് അല്ലെങ്കിൽ അന്വേഷണ ഏജൻസികളാണെന്ന വ്യാജേന വീഡിയോ കോളുകളിലൂടെ ആളുകളെ ഭീഷണിപ്പെടുത്തി വീട്ടുതടങ്കലിലാക്കുന്ന രീതിയാണ് ഡിജിറ്റൽ അറസ്റ്റ്.
വിരമിച്ച ഉദ്യോഗസ്ഥർ, അധ്യാപകർ, പ്രൊഫഷണലുകൾ തുടങ്ങിയവർ പോലും ഭയത്തിന് വശപ്പെട്ട് ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പുകാർക്ക് കൈമാറുന്നത്. സാങ്കേതിക വിദ്യയെക്കുറിച്ച് അറിവുള്ളവർ ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് തടയാൻ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ അറസ്റ്റ് എന്നൊരു നിയമസംവിധാനം ഇന്ത്യയിലില്ലെന്ന് കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ഇത്തരം തട്ടിപ്പുകൾ തുടരുന്നത് ഗൗരവകരമാണെന്ന് കോടതി പറഞ്ഞു.
സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങളിൽ ജാഗ്രത ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും കോടതി ആരാഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.










0 comments