സി.ജെ റോയിയുടെ മരണം: അന്വേഷണം ആരംഭിച്ച് പൊലീസ്; ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സി.ജെ റോയിയുടെ മരണത്തിൽ ബെംഗളൂരു പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ അശോക് നഗർ പൊലീസാണ് കേസെടുത്തത്. മരണസമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായനികുതി വകുപ്പ് (ഐടി) ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡിന് എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് റോയിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.
ആദായനികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദാണ് മരണത്തിന് ഉത്തരവാദിയെന്ന് റോയിയുടെ സഹോദരൻ ആരോപിച്ചു. മൂന്ന് ദിവസമായി തുടരുന്ന ചോദ്യം ചെയ്യൽ റോയിയെ മാനസികമായി തളർത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറിലും സ്ഥാപനത്തിൽ റെയ്ഡ് നടന്നിരുന്നതായും ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചിരുന്നതായും കുടുംബം വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ അശോക് നഗറിലെ കോർപ്പറേറ്റ് ഓഫീസിലെത്തിയ റോയിയെ ഉദ്യോഗസ്ഥർ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
തുടർന്ന് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ അദ്ദേഹം സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഐടി ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചായിരുന്നു സംഭവം.
ഉടൻ തന്നെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ സ്വദേശിയായ റോയ് റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വിവിധ മേഖലകളിൽ ആഗോളതലത്തിൽ ശ്രദ്ധേയനായ ബിസിനസുകാരനായിരുന്നു.









0 comments