print edition സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന് ഇന്ന് തുടക്കം


വിജേഷ് ചൂടൽ
Published on Dec 31, 2025, 01:06 AM | 1 min read
വിശാഖപട്ടണം: ഇന്ത്യയിൽ തൊഴിലാളിവർഗത്തിന്റെ അവകാശസമരങ്ങളുടെ കുന്തമുനയായ സിഐടിയുവിന്റെ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന് ബുധനാഴ്‌ച കൊടി ഉയരും. തുറമുഖനഗരമായ വിശാഖപട്ടണത്ത് ആന്ധ്ര യൂണിവേഴ്സിറ്റി കൺവെൻഷൻ സെന്ററിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ രാവിലെ 9.45ന് പ്രസിഡന്റ് കെ ഹേമലത ചെമ്പതാക ഉയർത്തും. നീതിനിഷേധത്തിനെതിരെ പൊരുതിവീണ രക്തസാക്ഷികളുടെ വീരസ്മരണ പുതുക്കി രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.
രാവിലെ 10.30ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷനിൽ ജനറൽ സെക്രട്ടറി തപൻ സെൻ ആമുഖ പ്രഭാഷണം നടത്തും. തുടർന്ന് വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് പ്രതിനിധികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ അഭിവാദ്യ പ്രസംഗം നടത്തും. പകൽ 3.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. പ്രസിഡന്റ് കെ ഹേമലതയുടെ അധ്യക്ഷപ്രസംഗത്തിനുശേഷം ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന ഘടകങ്ങളിലെയും വിവിധ തൊഴിൽ മേഖലകളിലെയും പ്രതിനിധികൾ റിപ്പോർട്ടിൽമേൽ ഗ്രൂപ്പ് ചർച്ച നടത്തും.
വ്യാഴം വൈകിട്ട് സംഘടനാ റിപ്പോർട്ട് ജനറൽ സെക്രട്ടറി അവതരിപ്പിക്കും. മോദി സർക്കാരിന്റെ നവലിബറൽ സാമ്പത്തിക നയങ്ങൾക്കും തൊഴിലാളിവിരുദ്ധ നീക്കങ്ങൾക്കുമെതിരായ ഭാവിപ്രക്ഷോഭങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള വിപുലമായ ചർച്ചകൾ സമ്മേളനത്തിൽ നടക്കും. രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്ന സമ്മേളനം ട്രേഡ് യൂണിയൻ ഐക്യം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളും കൈക്കൊള്ളും.










0 comments