"ചിങ്കി, ചൈനീസ്, മോമോ"; അരുണാചൽ യുവതികള്‍ക്കുനേരെ ബിഹാറിൽ വംശീയാധിക്ഷേപം

പ്രചരിക്കുന്ന വീഡിയോയിൽനിന്ന് | Screebgrab
പട്ന: അരുണാചൽ പ്രദേശിൽ നിന്നുള്ള നൃത്തസംഘത്തിന് നേരെ ബിഹാറിൽ വംശീയാധിക്ഷേപം. പട്‌ന റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽവെച്ചായിരുന്നു സംഭവം.
നൃത്തസംഘത്തിലെ യുവതികൾക്കുനേരെ യാത്രക്കാരിയായ ഒരു സ്‍ത്രീ "ചിങ്കി", "മോമോ" തുടങ്ങിയ അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുകയായിരുന്നു. വിശ്രമമുറി ഉപയോഗിക്കുന്നതിനായി ഐഡന്റിറ്റി കാർഡുകൾ കാണിക്കാൻ ഈ സ്ത്രീ അരുണാചൽ സ്വദേശിനികളോട് ആവശ്യപ്പെട്ടു. ഇതിനെ അവർ എതിർത്തതോടെയാണ് സ്ത്രീ വംശീയമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. "ഞങ്ങൾ അരുണാചലിൽ നിന്നുള്ളവരാണ്, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ ഇത്തരം ആളുകൾ കാരണം ഞങ്ങൾക്ക് പേടിയാണ്."- വീഡിയോ റെക്കോർഡ് ചെയ്യുന്ന യുവതി പറയുന്നത് കേൾക്കാം.
സംഭവത്തിൽ കേസ് എടുക്കാത്തതിൽ വിമര്‍ശം ശക്തമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവര്‍ക്കുനേരെ വംശീയാധിക്ഷേപം തുടര്‍ക്കഥയാവുകയാണ്. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കഴിഞ്ഞവര്‍ഷം ഡിസംബറിൽ ത്രിപുര സ്വദേശിയായ വിദ്യാര്‍ഥി എയ്‍ഞ്ചൽ ചക്മയെ വംശീയമായി അധിക്ഷേപിച്ച് ക്രൂരമായി മര്‍ദിച്ചുകൊന്നിരുന്നു.










0 comments