ad
Deshabhimani

നാവിക കേന്ദ്രത്തിന് സമീപം ജിപിഎസ് ഘടിപ്പിച്ച കടൽ കാക്ക പറന്നെത്തി, പിന്നാലെ അന്വേഷണ ഏജൻസികൾ

chinees
വെബ് ഡെസ്ക്

Published on Dec 18, 2025, 12:06 PM | 1 min read

കാർവാർ: കൊങ്കൺ മേഖലയിലെ കാർവാർ തീരപ്രദേശത്ത് ജിപിഎസ് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി. സെൻസിറ്റീവ് ആയ നാവിക മേഖലയ്ക്ക് സമീപത്താണ് പ്രത്യേക ഉപകരണം ഘടിപ്പിച്ച കാക്ക പറന്നെത്തിയത്. സംശയം ഉയർന്നതോടെ കർണ്ണാടക പൊലീസും ദേശീയഅന്വേഷണ ഏജൻസികളും ജാഗ്രതയിലായി. കാക്കയെ കെണിയിലാക്കി.


ബീച്ചിനടുത്തുള്ള തിമ്മക്ക ഗാർഡൻ പ്രദേശത്തിന് പിന്നിൽ അസാധാരണമായി ടാഗ് ചെയ്ത  കടൽക്കാക്ക വിശ്രമിക്കുന്നത് പ്രദേശവാസികളിൽ സംശയം ഉയർത്തുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇത് സ്ഥിരീകരിച്ചു. തുടർന്ന് വനം വകുപ്പിന്റെ മറൈൻ വിംഗിനെ അറിയിച്ചു. വനം ഉദ്യോഗസ്ഥർ പക്ഷിയെ സുരക്ഷിതമായി പിടികൂടി. ഉപകരണം അഴിച്ചെടുത്ത് പരിശോധനയ്ക്കായി കൈമാറി.


ചൈനീസ് നിർമ്മിത ജിപിഎസ് ട്രാക്കിംഗ് ഉപകരണമാണ് ഘടിപ്പിച്ചിട്ടുള്ളത് എന്ന് തെളിഞ്ഞു. ചൈനീസ് അക്കാദമി ഓഫ് സയൻസസിന് കീഴിലുള്ള റിസർച്ച് സെന്റർ ഫോർ ഇക്കോ-എൻവയോൺമെന്റൽ സയൻസസുമായി ബന്ധിപ്പിച്ചിരിക്കുന്ന ജിപിഎസ് ട്രാക്കറാണ്. അക്കാദമിക്, പാരിസ്ഥിതിക പഠനങ്ങൾക്കായി ഉപയോഗിക്കുന്നതാവാം എന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് കാർവാർ ടൗൺ പോലീസ് പറഞ്ഞു.


"സീഗളുകളുടെ ചലനം, തീറ്റ രീതികൾ, ദേശാടന വഴികൾ എന്നിവ പഠിക്കുന്നതിനാണ് ട്രാക്കർ ഘടിപ്പിച്ചിരിക്കുന്നതെന്ന് തോന്നുന്നു. ഈ ഘട്ടത്തിൽ, ചാരവൃത്തി നടത്തുന്നതിന് തെളിവുകളൊന്നുമില്ല," എന്ന്പോലീസ് പറഞ്ഞു. എന്നിരുന്നാലും തീരദേശ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് അധികൃതർ ജാഗ്രത പാലിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

 

പക്ഷിയെ നിരീക്ഷണത്തിനായി മറൈൻ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് മാറ്റി. ട്രാക്കിംഗ് പ്രോഗ്രാമിന്റെ ഉത്ഭവം, സമയക്രമം, വ്യാപ്തി എന്നിവയുൾപ്പെടെ പഠനത്തിന്റെ വിശദാംശങ്ങൾ ഉറപ്പാക്കാൻ ട്രാക്കറുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനവുമായി ഔദ്യോഗികമായി ബന്ധപ്പെടും.


മേഖലയിൽ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. കഴിഞ്ഞ വർഷം നവംബറിൽ കാർവാറിലെ ബൈത്കോൾ തുറമുഖത്തിന്റെ പരിധിയിൽ ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ച ഒരു കഴുകനെ കണ്ടെത്തി.


ഇന്ത്യൻ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ ഐഎൻഎസ് കദംബ നാവിക താവളത്തിന്റെ സമീപത്താണ് ഇവ രണ്ടും. 


ഗവേഷണ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളെയും ഉപകരണത്തിന്റെ ഡാറ്റാ ട്രാൻസ്മിഷൻ സംബന്ധിച്ച സാങ്കേതിക വിശകലനങ്ങളെയും ആശ്രയിച്ചിരിക്കും തുടർനടപടികൾ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.  



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home