ad
Deshabhimani

ഇന്ത്യ 95 ശതമാനം ആശ്രയിക്കുന്നത് ചൈനയെ

ചൈന രാസവളക്കയറ്റുമതി നിർത്തി, രാജ്യത്ത് കാർഷിക മേഖകലളിൽ പരക്കെ ആശങ്ക

rice
വെബ് ഡെസ്ക്

Published on Oct 21, 2025, 03:28 PM | 2 min read

ചൈന രാസവളങ്ങളുടെയും അനുബന്ധ ഘടകങ്ങളുടെയും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിർത്തിവെച്ചു.  ഒക്ടോബർ 15 മുതൽ യൂറിയയുടെയും സ്പെഷ്യാലിറ്റി വളങ്ങളുടെയും കയറ്റുമതി പൂർണ്ണമായും നിർത്തി. ഇന്ത്യയിലും ഏഷ്യൻ രാജ്യങ്ങളിലും ശീതകാല വിള (റാബി) സീസൺ ആരംഭിക്കുമ്പോഴാണ് നടപടി.


വളങ്ങൾ വിപണിയിൽ ലഭ്യമല്ലാതാവുമോ, ഇനിയും വിലക്കയറ്റം ഉണ്ടാവുമോ എന്നത് കർഷകർക്കിടയിൽ പരക്കെ ആശങ്കയാണ്. നേരത്തെയും ആഭ്യന്തര ആവശ്യവും രാഷ്ട്രീയ പ്രശ്നങ്ങളും മുൻനിർത്തി ചൈന അവരുടെ രാജ്യത്തു നിന്നുള്ള കയറ്റുമതി തടഞ്ഞിരുന്നു.


അടുത്തിടെയാണ് കയറ്റുമതി പുനരാരംഭിച്ചത്. ഇളവ് എന്ന നിലയ്ക്കായിരുന്നു ഇത്. മെയ് 15 മുതൽ ഒക്ടോബർ 15 വരെ കാലയളവ് വെച്ച് നിരോധനം നീക്കി. എന്നാൽ ഈ കാലയളവ് കഴിഞ്ഞതോടെ  ഇനിയും അറിയിപ്പ് ഉണ്ടാകുന്നതുവരെ കയറ്റുമതി വിൻഡോ നിർത്തുന്നു എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.


TMAP (ടെക്നിക്കൽ മോണോഅമോണിയം ഫോസ്ഫേറ്റ്) പോലുള്ള സ്പെഷ്യാലിറ്റി വളങ്ങളും AdBlue പോലുള്ള യൂറിയ-സൊല്യൂഷൻ ഉൽപ്പന്നങ്ങളും DAP, യൂറിയ പോലുള്ള പരമ്പരാഗത വളങ്ങളും കയറ്റുമതി തടഞ്ഞിരിക്കയാണ്.


കർഷകരുടെ നെഞ്ചിടിപ്പേറ്റുന്നതാണ് ചൈനയുടെ നടപടി. ജൂലൈയിൽ കേന്ദ്ര സർക്കാർ പൊട്ടാഷ്‌ 50 കിലോ ചാക്കിന്‌ 250 രൂപ വർധിപ്പിച്ചിരുന്നു. യൂറിയ വളം കിട്ടാനില്ലാത്ത സാഹചര്യമായിരുന്നു. വളത്തിനുള്ള സബ്‌സിഡി ഓരോ വർഷവും കേന്ദ്രം വെട്ടിക്കുറച്ച് കൊണ്ടിരിക്കയുമാണ്.


agri


"കയറ്റുമതി സസ്പെൻഷൻ അടുത്ത 5-6 മാസത്തേക്ക് തുടരാനാണ് സാധ്യതയെന്ന്," ലായക വളം വ്യവസായ അസോസിയേഷൻ (Soluble Fertilizer Industry Association- SFIA) പ്രസിഡന്റ് രാജിബ് ചക്രവർത്തി  പറഞ്ഞു.


ഇന്ത്യ സ്പെഷ്യാലിറ്റി വളങ്ങളുടെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. ഇതിനകം അസാധാരണമാംവിധം ഉയർന്ന നിലയിലുള്ള സ്പെഷ്യാലിറ്റി വളങ്ങളുടെ വില ഇനിയും 10-15 ശതമാനം ഉയരുമെന്ന് രാജിബ് ചക്രവർത്തി പ്രവചിക്കുന്നു.


വളം ഏറ്റവും ആവശ്യമായ സീസൺ


ഇന്ത്യ പ്രതിവർഷം ഏകദേശം 250,000 ടൺ സ്പെഷ്യാലിറ്റി വളങ്ങൾ ഉപയോഗിക്കുന്നു. ഇതിൽ 60-65 ശതമാനം, ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള റാബി സീസണിൽ ആണ് പ്രയോജനപ്പെടുത്തുന്നത്. നിലവിൽ റാബി സീസണിലെ ആവശ്യം നിറവേറ്റുന്നതിന് രാജ്യത്ത് സ്റ്റോക് ഉണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.


2026 മാർച്ചിനു ശേഷവും ചൈനീസ് കയറ്റുമതി നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ അത് അതീവ ഗുരുതരമാവും" എന്നും പറയുന്നു. മെച്ചപ്പെട്ട മഴയും ജലലഭ്യതയും കാരണം ഈ വർഷം മാർച്ച് വരെ റാബി സീസൺ നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്.  


ദക്ഷിണാഫ്രിക്ക, ചിലി, ക്രൊയേഷ്യ എന്നിവയുൾപ്പെടെ ഇന്ത്യയ്ക്ക് ബദൽ വിതരണ സ്രോതസ്സുകളുണ്ട്. എങ്കിലും ഒന്നോ രണ്ടോ ഉൽപ്പന്നങ്ങൾക്ക് മാത്രമേ ഈ രാജ്യങ്ങൾ ആശ്രയമായുള്ളൂ. ചൈനയുടെ തീരുമാനം ആഭ്യന്തര വിലകളെ സ്ഥിരമാക്കി സ്വന്തം കൃഷിക്ക് ആവശ്യമായ വളം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാൽ ഇത് ആഗോള രാസവള വിപണിയിലെ ആശ്രിതത്വവും വിലക്കയറ്റവും വർധിപ്പിക്കാൻ കാരണമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home