കുട്ടികളുടെ മരണം: മരുന്ന് നിർമാണ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന

ന്യൂഡൽഹി: രാജസ്ഥാനിലും മധ്യപ്രദേശിലും കഫ്‌സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തെ തുടർന്ന് ആറ് സംസ്ഥാനങ്ങളിലെ മരുന്ന് നിർമാണ കേന്ദ്രങ്ങളിൽ പരിശോധന. കേന്ദ്ര മരുന്ന് ഗുണനിലവാര നിയന്ത്രണ സംഘടനയുടെ (സിഡിഎസ്‌സിഒ) നേതൃത്വത്തിലാണ് വെള്ളിയാഴ്‌ച വ്യാപക പരിശോധന തുടങ്ങിയത്.
കഫ്സിറപ്പും ആന്റിബയോട്ടിക്കുകളുമുൾപ്പെടെ 19 മരുന്നുകൾ നിർമിക്കുന്ന കേന്ദ്രങ്ങളിലാണ് പരിശോധന. അതേസമയം, കുട്ടികളുടെ മരണകാരണം കണ്ടെത്തുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നാഷണൽ എൻവയോൺമെന്റൽ എന്‍ജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഗ്‌പുർ എയിംസ്, സിഡിഎസ്‌സിഒ എന്നീ സ്ഥാപനങ്ങള്‍ മരുന്നുസാമ്പിളുകൾ വിശകലനം ചെയ്തുവരികയാണ്.
മധ്യപ്രദേശിൽ
കോൾഡ്‌റിഫ് നിരോധിച്ചു
ഭോപാൽ
കഫ്‌സിറപ്പ് കഴിച്ച് സംസ്ഥാനത്ത് ഒന്പതു കുട്ടികൾ മരിച്ച സംഭവത്തിൽ ഒടുവിൽ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. കോൾഡ്‌റിഫ് കഫ്‌സിറപ്പ് നിരോധിച്ചതായി ശനിയാഴ്‌ച മുഖ്യമന്ത്രി മോഹൻ യാദവ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. കോൾഡ്‌റിഫ് കഫ്‌സിറപ്പ് ഉൽപ്പാദിപ്പിക്കുന്ന കന്പനിയുടെ മറ്റു ചില മരുന്നുകൾക്കും നിരോധനമുണ്ട്.
നിലവിൽ സംസ്ഥാനത്ത് 13 കുട്ടികൾ കഫ്‌സിറപ്പ് കഴിച്ച് ചികിത്സയിലാണ്. അതിൽ എട്ട് കുട്ടികൾ ചിന്ത്‌വാഡയിൽ നിന്നും നാഗ്‌പുരിൽ നിന്നുള്ളവരാണ്. രണ്ടു കുട്ടികൾ മരിച്ചതോടെ അന്വേഷണം നടത്താൻ രാജസ്ഥാൻ സർക്കാരും ഉത്തരവിട്ടു. മരുന്നുകളുടെ നിലവാര പരിശോധനയിൽ കൃത്രിമം കാട്ടിയ ഡ്രഗ് കൺട്രോളറെ സസ്‌പെൻഡ് ചെയ്‌തു.








0 comments