ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണം തടസ്സപ്പെടുത്തി വിദ്യാർത്ഥികൾ; നടപടി അപമര്യാദയെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ

Photo Credit: Social Media
ലണ്ടൻ: ലണ്ടനിൽ വെച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണം തടസ്സപ്പെടുത്താൻ ഒരു കൂട്ടം വിദ്യാർത്ഥികൾ ശ്രമിച്ചു. പ്രഭാഷണത്തിനിടെ 'പാറ്റാ' പരാമർശം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉന്നയിച്ചതോടെ ചോദ്യോത്തര വേള പാതിവഴിയിൽ നിർത്തി. ഈ നടപടി അപമര്യാദയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ വിമർശിച്ചു. 'കോക്രോച്ച് ജനത പാർട്ടി'യുടെ ആദ്യ പ്രതിഷേധം ഇന്ന് ഇന്ത്യയിൽ നടക്കാനിരിക്കെയാണ് ലണ്ടനിൽ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധമുണ്ടായത്.
ലണ്ടൻ സർവ്വകലാശാലയിലെ കോളേജിൽ 'കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഇന്ത്യയിൽ വിയോജിപ്പിനുള്ള അവകാശത്തിന് എതിരായി നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും, പ്രഭാഷണ വിഷയവുമായി ബന്ധപ്പെട്ടുള്ളതല്ല ചോദ്യമെന്ന് ചൂണ്ടിക്കാട്ടി അവതാരക മറുപടി നൽകാൻ വിസമ്മതിച്ചു.
ഇതിനുപിന്നാലെയാണ് 'കോക്രോച്ച് പാർട്ടി', 'പാറ്റാ പരാമർശം' എന്നിവ ഉന്നയിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. വാക്കേറ്റത്തെ തുടർന്ന് ചീഫ് ജസ്റ്റിസ് ചോദ്യങ്ങൾക്ക് മറുപടി നൽകാതെ വേദി വിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിജെപി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. വിഷയം ചർച്ചയായതോടെ ഇന്ത്യൻ ഹൈക്കമ്മീഷൻ അപമര്യാദയായ നടപടിയെന്ന് പ്രതികരിച്ചുവെങ്കിലും, ജസ്റ്റിസ് സൂര്യകാന്ത് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.









0 comments