print edition വ്യവസായ മുരടിപ്പിന് ട്രേഡ് യൂണിയനുകളെ പഴിചാരി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി
രാജ്യത്തെ വ്യവസായവളർച്ച മുരടിക്കുന്നതിന് ട്രേഡ് യൂണിയനുകളെ പഴിചാരി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ‘രാജ്യത്ത് എത്ര വ്യവസായ യൂണിറ്റുകളാണ് യൂണിയനുകൾ കാരണം പൂട്ടിപ്പോയത്? കൊടികളേന്തിയ യൂണിയനുകൾ പരന്പരാഗത വ്യവസായങ്ങൾ മുഴുവൻ പൂട്ടിച്ചു. ഇക്കൂട്ടർക്ക് പണിയെടുക്കണമെന്നില്ല. വ്യവസായ വളർച്ച മുരടിച്ചുപോകാനുള്ള പ്രധാനകാരണം ട്രേഡ്‌യൂണിയൻ നേതാക്കളാണ്. ചൂഷണം നടക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല; എന്നാൽ, അത് ഇല്ലാതാക്കാൻ മറ്റ് നിരവധി മാർഗങ്ങളുണ്ട്. ആളുകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവാൻമാരാക്കണം. അവരുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കാൻ സഹായിക്കണം. വേറെയും നിരവധി പരിഷ്‌കാരങ്ങൾ നടപ്പിലാക്കണം’–ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
വീട്ടുജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ക്ഷേമപദ്ധതികൾ ആവശ്യപ്പെട്ട് ‘പെൺ തൊഴിലാളർഗൾ സംഘം’ സുപ്രീംകോടതിയിൽ നൽകിയ പൊതുതാൽപ്പര്യഹർജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം. വീട്ടുജോലിക്കാർക്ക് മിനിമം വേതനം നിശ്ചയിച്ചാൽ യൂണിയനുകൾ എല്ലാ വീട്ടുകാരെയും നാളെ കേസിൽ കക്ഷിയാക്കാൻ ഇടയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ‘മിനിമം വേതനം ഒക്കെ നിശ്ചയിച്ചാൽ ചിലപ്പോൾ ആളുകൾ വീട്ടുജോലിക്കാരെ വേണ്ടെന്ന് തീരുമാനിക്കാനിടയുണ്ട്. ആവശ്യക്കാരുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ജോലിസാധ്യതയുള്ളു. സുപ്രീംകോടതിയിൽ ഉൾപ്പടെ ചില ജോലികൾക്ക് തൊഴിലാളികളെ നൽകുന്നത് ഒരു ഏജൻസിയാണ്. ഒരു തൊഴിലാളിക്ക് 40,000 രൂപയാണ് വേതനം നിശ്‌ചയിച്ചിട്ടുള്ളത്. പക്ഷേ, തൊഴിലാളിക്ക് യഥാർഥത്തിൽ 19,000 രൂപ മാത്രമാണ് കൈയ്യിൽ കിട്ടുന്നത്. വലിയ ചൂഷണമാണ് ഇൗ മേഖലയിൽ നടക്കുന്നത്’ എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.










0 comments