Deshabhimani

print edition രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌

supreme Court
വെബ് ഡെസ്ക്

Published on Oct 13, 2026, 01:39 AM | 1 min read

ന്യൂഡൽഹി: ഗ്യാനേഷ്‌കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തിലേയ്ക്ക്‌ കോടതിയെ വലിച്ചിഴയ്ക്കരുതെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌. അഭിഭാഷകരെയും വിദ്യാർഥികളെയും പൊലീസ്‌ ക്രൂരമായി മർദ്ദിക്കുന്നുവെന്നും അനധികൃത തടങ്കലിലാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ പരാമർശിച്ചപ്പോഴാണ്‌ കേന്ദ്രസർക്കാരിന്റെയും പൊലീസിന്റെയും നടപടികളെ തള്ളാനോ കൊള്ളനോ തയ്യാറാകാത്ത പരാമർശം. വൻ അതിക്രമം നടത്തിയ ഡൽഹി പൊലീസിനെതിരെ ഒരുവാക്കുപോലും അദ്ദേഹം പറഞ്ഞില്ല.


സുപ്രീംകോടതി ബാർ അസോസിയേഷനടക്കമാണ്‌ ഹർജികൾ നൽകിയത്‌. പൊലീസിന്റെ അതിക്രമങ്ങൾക്കെതിരെ ശക്തമായ സന്ദേശം നൽകാൻ കോടതി തയ്യാറാകണമെന്ന്‌ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കര നാരായാണൻ ചീഫ്‌ ജസ്റ്റിസിനോട്‌ ആവശ്യപ്പെട്ടു. ‘ഷദൻ ഫറാസാത്ത്‌ അടക്കമുള്ള മുതിർന്ന അഭിഭാഷകരെ തെരുവിലൂടെ വലിച്ചിഴച്ചു. ഞങ്ങൾ സംയമനം പാലിക്കണമെന്നാണ്‌ കോടതി പറയുന്നത്‌. എന്നാൽ പൊലീസിനോട്‌ ഇത്‌ പറയുന്നില്ല. എന്തെങ്കിലും അവരോട്‌ പറയാൻ തയ്യാറാകണം. കുട്ടികളുടെ തല ഗുണ്ടകൾ അടിച്ചുപൊട്ടിക്കുന്നു. എന്ത്‌ ചെയ്താലും രക്ഷപ്പെടാമെന്ന്‌ പൊലീസ്‌ കരുതുന്നു– അദ്ദേഹം ചൂണ്ടിക്കാട്ടി.


കോടതിയുടെ പ്രവർത്തനങ്ങൾക്ക്‌ തടസ്സമുണ്ടാകരുതെന്നും അഭിഭാഷകരുടെയും ക്ലർക്കുമാരുടെയും മറ്റുള്ളവരുടെയും സഞ്ചാരം തടയരുതെന്നുമാണ്‌ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ പ്രദീപ്‌ റായ്‌ ഹർജി പരാമർശിച്ചപ്പോൾ ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞത്‌. പ്രതിഷേധക്കാരോടും ഇക്കാര്യം അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ സുപ്രീംകോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. അഭിഭാഷകർക്ക്‌ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്‌– ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. ഹർജികൾ ചൊവ്വാഴ്‌ച പരിഗണിക്കാമെന്ന്‌ കോടതി അറിയിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home