ഒരു മാസത്തിനിടെ പിടിയിലായത് 6 പേർ
മലയോരത്ത് ലഹരിക്കടത്ത് സജീവം

വെള്ളറട
മലയോര മേഖലയിൽ ലഹരിക്കടത്ത് സംഘങ്ങളുടെ പ്രവർത്തനം വ്യാപകമാകുന്നു. പൊലീസിന്റെയും ഡാൻസാഫിന്റെയും പരിശോധനകൾ തുടരുമ്പോഴും ലഹരിവസ്‌തുക്കളുടെ ഒഴുക്ക് തടസ്സമില്ലാതെ തുടരുകയാണ്. ഒരുമാസത്തിനുള്ളിൽ വിവിധ കേസുകളിലായി ആറുപേരാണ് പിടിയിലായത്. നെയ്യാറ്റിൻകരയിൽ സ്വകാര്യ വിദേശപഠന റിക്രൂട്ട്മെന്റ് സെന്റർ നടത്തിവന്നിരുന്ന അഞ്ചുമരക്കാല സ്വദേശി ജോബി, ഇയാളുടെ സുഹൃത്ത് വെള്ളറട സ്വദേശി അനുരാഗ് എന്നിവരെ ഒരു ഗ്രാം എംഡിഎംഎയുമായി അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. നേരത്തേ അനുരാഗിന്റെ സഹോദരനെയും എംഡിഎംഎ കേസിൽ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്രപ്രദേശിൽനിന്ന് മലയോര മേഖലയിലെ ചില്ലറ വിൽപ്പന ലക്ഷ്യമാക്കി ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 88 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെയും കഴിഞ്ഞമാസം പിടികൂടി. അഞ്ചുമരക്കാല മൈലകുന്ന് സ്വദേശി സുധീഷ്, കൊല്ലത്ത് താമസിക്കുന്ന ഒറ്റശേഖരമംഗലം പൂഴനാട് സ്വദേശി അഖിൽ എന്നിവരാണ് ഈ കേസിൽ ആദ്യം പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ ചെമ്പൂർ സ്വദേശി ജോബി ജോസിയെയും പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ പ്രത്യേക അറ സജ്ജമാക്കിയാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്. ആഴ്ചകൾക്കുമുമ്പ് രാസലഹരി ഉപയോഗിച്ച് അമിതവേഗത്തിലെത്തിയ യുവഡോക്ടറുടെ കാർ, അഞ്ചുമരക്കാല ഇരിഞ്ഞിനം പള്ളിക്കുസമീപം ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയിരുന്നു. പിന്നീട് നാട്ടുകാർ പിന്തുടർന്നാണ് വാഹനം തടഞ്ഞുനിർത്തിയത്. മലയോര മേഖലയിൽ ലഹരി മാഫിയകളുടെ വേരറുക്കുന്നതിനായി പരിശോധനകൾ കൂടുതൽ കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.








0 comments