ജാമ്യം ; നീതി അകലെ

ജയിൽമോചിതരായ സിസ്‌റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്‌റ്റർ പ്രീതി മേരിയെയും ഇടതുപക്ഷ എംപിമാരായ ജോൺ ബ്രിട്ടാസും ജോസ് കെ മാണിയും ഷാൾ അണിയിച്ച് സ്വീകരിക്കുന്നു / ഫോട്ടോ: പി വി സുജിത്
അഖില ബാലകൃഷ്‍ണന്‍
Published on Aug 03, 2025, 01:52 AM | 2 min read
ന്യൂഡൽഹി
‘മനുഷ്യക്കടത്തും നിര്‍ബന്ധിത മതംമാറ്റ കുറ്റവും’ ചുമത്തി ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാർ ഒമ്പത് ദിവസം തടവിലിട്ട മലയാളി കന്യാസ്‌ത്രീകൾ കേരളം ഒറ്റക്കെട്ടായി ഉയർത്തിയ പ്രതിഷേധത്തിനൊടുവിൽ ജയിൽ മോചിതരായി. സിസ്റ്റർമാരായ പ്രീതിമേരിക്കും (55) വന്ദന ഫ്രാൻസിസിനും (53) ബിലാസ്‌പുർ എൻഐഎ പ്രത്യേക കോടതി ശനിയാഴ്‌ച ജാമ്യം അനുവദിച്ചു. ഇവർക്കൊപ്പം അറസ്‌റ്റിലായ ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിക്കും ജാമ്യം ലഭിച്ചു. അതേസമയം കേസ് ബിജെപി സർക്കാർ ശക്തമാക്കി നിലനിർത്താനുള്ള നീക്കം തുടങ്ങി. വിഷയം എൻഐഎ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.
കന്യാസ്ത്രീകൾക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്കൊന്നും തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘മതപരിവർത്തനം’ ഉൾപ്പെടെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. സംശയത്തിന്റെ പേരിലാണ് കുറ്റങ്ങൾ ആരോപിച്ചിരിക്കുന്നതെന്ന് കേസ് ഡയറി പരിശോധിച്ചാൽ വ്യക്തമാകുമെന്നും ജഡ്‌ജി സിറാജുദ്ദീൻ ഖുറേഷി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ബിഎൻഎസ് 143, ഛത്തീസ്‌ഗഡ് മതപരിവർത്തന നിയമം നാലാം വകുപ്പ് എന്നിവ ചുമത്തുന്നതിനുള്ള തെളിവുകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.
കന്യാസ്‌ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികളുടെയും രക്ഷിതാക്കളുടെയും മൊഴിയും നിർണായകമായി. യുവതികളിൽ രണ്ടുപേർ തങ്ങൾ ചെറുപ്പം മുതൽ ക്രൈസ്‌തവ വിശ്വാസികളാണെന്ന് വ്യക്തമാക്കി. മനുഷ്യക്കടത്തിനോ പെൺകുട്ടികളെ മതംമാറ്റാനോ കന്യാസ്‌ത്രീകൾ ശ്രമിച്ചിട്ടില്ലെന്ന് രക്ഷിതാക്കളും മൊഴി നൽകി. ജാമ്യം അനുവദിക്കുന്നതിനെ ബിജെപി സർക്കാർ ശക്തമായി എതിർത്തു. ജാമ്യം നൽകിയാൽ ഇവർ കേരളത്തിലേക്ക് രക്ഷപ്പെടുമെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇതോടെ, രണ്ടാഴ്‌ചയിലൊരിക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, വിലാസം എൻഐഎയ്‌ക്ക് നൽകണം, രാജ്യംവിടരുത് തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
നടപടികൾ പൂർത്തിയാക്കി പകൽ 3.40ന് ദുർഗിലെ സെൻട്രൽ ജയിലിൽനിന്ന് കന്യാസ്ത്രീകളെ മോചിപ്പിച്ചു. നിറകണ്ണുകളോടെയാണ് സഹപ്രവർത്തകരായ കന്യാസ്ത്രീകളും ബന്ധുക്കളും ഇരുവരെയും സ്വീകരിച്ചത്. ഇടതുപക്ഷ എംപിമാരായ ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, പി സന്തോഷ് കുമാർ എന്നിവരും രാഷ്‌ട്രീയ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. ജയിൽ കവാടം കടന്നതിനുശേഷമാണ് വസ്ത്രത്തിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ജപമാല ധരിക്കാൻ ഇരുവർക്കും അനുമതി ലഭിച്ചത്. അവശരായ കന്യാസ്ത്രീകളെ ദുർഗിലെ വിശ്വദ്വീപ് മഠത്തിലെത്തിച്ചു. ജാമ്യ ഉത്തരവിലെ കർശന വ്യവസ്ഥകൾ കാരണം മാധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ കന്യാസ്ത്രീകൾക്ക് വിലക്കുണ്ട്. അതേസമയം, മർദിച്ചതും ഭീഷണിപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ബജ്‌റംഗദളുകാർക്കെതിരെ യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ നിയമ സഹായം ലഭ്യമാക്കുമെന്ന് ഇടതുപക്ഷ എംപിമാർ ഉറപ്പുനൽകി.
ജൂലൈ 25ന് രാവിലെയാണ് ദുർഗിലെ റെയിൽവേ സ്റ്റേഷനിൽവച്ച് കന്യാസ്‌ത്രീകളും യുവതികളും യുവാവും ബജ്‌റംഗദളുകാരുടെ ആക്രമണത്തിനും വിചാരണയ്‌ക്കും വിധേയരായത്. ഇതിനുപിന്നാലെ, ഗുരുതര വകുപ്പുകളായ മനുഷ്യക്കടത്തും മതപരിവർത്തനവും ചുമത്തി കന്യാസ്‌ത്രീകളെ ദുർഗ് പൊലീസ് അറസ്‌റ്റുചെയ്‌ത് ജയിലിലടച്ചു. മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ജാമ്യം ലഭിച്ചില്ല. കേരളത്തിലെ എംപിമാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയിട്ടും ഛത്തീസ്‌ഗഡിലെ ബിജെപി സർക്കാർ ജാമ്യത്തെ എതിർത്തു. ആക്രമണം നടത്തിയ ബജ്‌റംഗദളുകാർക്കെതിരെ കേസ് എടുത്തിട്ടില്ല.
ബിജെപിക്ക് കേരളം മാപ്പുനൽകില്ല: ഇടതുപക്ഷ എംപിമാർ
ഒമ്പതുദിവസം അകാരണമായി കന്യാസ്ത്രീകളെ ജയിലിടച്ചതിന് ബിജെപിക്ക് കേരളം മാപ്പുനൽകില്ലെന്ന് ജാമ്യം ലഭിച്ച കന്യാസ്ത്രീകളെ സന്ദർശിച്ച് ഇടതുപക്ഷ എംപിമാർ പ്രതികരിച്ചു. രാജ്യവ്യാപകമായി പ്രതിപക്ഷ പാർടികൾ പ്രതിഷേധിച്ചതുകൊണ്ടാണ് വൈകിയെങ്കിലും നീതി ലഭിച്ചതെന്ന് എംപിമാരായ ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, പി സന്തോഷ് കുമാർ എന്നിവർ പറഞ്ഞു. ദിവസങ്ങളായി ഛത്തീസ്‌ഗഡിൽ തുടരുന്ന എംപിമാർ ജയിൽ കവാടത്തിലും പിന്നീട് മഠത്തിലുമെത്തി കന്യാസ്ത്രീകളെ സന്ദർശിച്ചു. കന്യാസ്ത്രീകൾക്കൊപ്പം ജയിൽമോചിതനായ ആദിവാസി യുവാവ് സുഖ്‌മാൻ മാണ്ഡവിയെയും സന്ദർശിച്ചു.
കുറച്ചെങ്കിലും ഉളുപ്പുണ്ടായിരുന്നെങ്കിൽ കന്യാസ്ത്രീകൾ ജയിൽമോചിതരാകുമ്പോൾ ബിജെപി നേതാക്കൾ കാണാനെത്തില്ലായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ക്രെഡിറ്റ് അവകാശപ്പെടുന്ന ബിജെപി സ്റ്റാൻ സ്വമിയുടെ മരണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും ആ സ്ഥാനത്ത് തുടരാൻ യോഗ്യരല്ലന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
പ്രതിപക്ഷം പ്രതിഷേധിച്ചില്ലായിരുന്നെങ്കിൽ കന്യാസ്ത്രീകളെ ജയിൽ മോചിതരാക്കില്ലായിരുന്നെന്ന് പി സന്തോഷ്‌കുമാർ പറഞ്ഞു. കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും ഭരണഘടനയെ സംരക്ഷിക്കണമെന്നും മാത്രമായിരുന്നു ലക്ഷ്യം.
എഫ്‌ഐആർ റദ്ദാക്കി കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും സന്തോഷ്‌കുമാർ പറഞ്ഞു. രാജ്യവ്യാപക പ്രതിഷേധം നടന്നപ്പോഴും കന്യാസ്ത്രീകൾക്കെതിരെയാണ് ഛത്തീസ്‌ഗഡ് സർക്കാർ സംസാരിച്ചത്. ഇനിയും പല തന്ത്രങ്ങളും അവർ പ്രയോഗിക്കുമെന്നും പ്രതിഷേധം തുടരുമെന്നും ജോസ് കെ മാണി പറഞ്ഞു.










0 comments