ഛത്തീസ്ഗഡ് മദ്യ കുംഭകോണ കേസ്: മുൻ മുഖ്യമന്ത്രി ഭുപേഷ് ബാഗലിന്റെ മകൻ ഇ ഡി കസ്റ്റഡിയിൽ

റായ്പൂർ: ഛത്തീസ്ഗഡ് മദ്യ കുംഭകോണ കേസിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭുപേഷ് ബാഗലിന്റെ മകൻ ചൈതന്യ ബാഗേൽ ഇ ഡി കസ്റ്റഡിയിൽ. അഞ്ച് ദിവസത്തേക്കാണ് റായ്പൂർ കോടതി ചൈതന്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ ഡി)ന്റെ കസ്റ്റഡിയിൽ വിട്ടത്.
വെള്ളിയാഴ്ച രാവിലെ ഭൂപേഷിന്റെ ഭിലായിലെ വസതിയിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. തുടർന്നാണ് ചൈതന്യയെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിലാണ് ചൈതന്യയെ അറസ്റ്റ് ചെയ്തത്.
ഏകദേശം 1,000 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് കേസ്. ചൈതന്യയുമായും കൂട്ടാളികളുമായും ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് കമ്പനികൾ വഴിയാണ് കള്ളപ്പണം വെളുപ്പിച്ചതെന്ന് ഇഡി സംശയിക്കുന്നുണ്ട്. മദ്യ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് മുൻ എക്സൈസ് മന്ത്രി കവാസി ലഖ്മ ഉൾപ്പെടെ 70 പേരെയും കമ്പനികളെയും പ്രതിചേർത്ത് ഛത്തീസ്ഗഡ് ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വ്യവസായി ഗൗതം അദാനിയെ കുറിച്ച് ഇന്ന് സംസ്ഥാന നിയമസഭയിൽ ഒരു ചർച്ച നടക്കാനിരുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദ്ദേശപ്രകാരം ഇഡി റെയ്ഡുകൾ നടത്തിയതെന്ന് ഭുപേഷ് ബാഗൽ അവകാശപ്പെട്ടു.
"ഇന്ന് സംസ്ഥാന നിയമസഭാ (മൺസൂൺ) സമ്മേളനത്തിന്റെ അവസാന ദിവസമാണ്. തംനാറിൽ അദാനിക്കുവേണ്ടി മരങ്ങൾ മുറിക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. സാഹിബ് ഭിലായ് നിവാസിലേക്ക് ഇ ഡിയെ അയച്ചിട്ടുണ്ട്," എന്ന് ഭൂപേഷിന്റെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.
2018-23 കാലയളവിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്നു ഭൂപേഷ് ബാഗേൽ. ഈ കാലയളവിൽ ഭൂപേഷ് നടത്തിയ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭഗമായാണ് ചൈതന്യയെ അറസ്റ്റ് ചെയ്തതെന്ന് ഇ ഡി അറിയിച്ചു.









0 comments