ad
Deshabhimani

print edition ആഭ്യന്തരമന്ത്രിയുടെ അടുപ്പക്കാരൻ, മുഖ്യമന്ത്രിയുടെ ഓഫീസിലെ സന്ദർശകൻ; ഒടുവിൽ ശത്രു

chenthi anil dcc
വെബ് ഡെസ്ക്

Published on Aug 30, 2026, 12:39 AM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നടുറോഡിൽ തടയാൻ നേതൃത്വം നൽകിയ ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അടുപ്പക്കാരൻ. ഇരുവരുടെയും ഓഫീസിൽ സ്ഥിരം സന്ദർശകനായിരുന്നു അനിൽ. ചേന്തിയിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി പരിപാടിയിൽ പങ്കെടുക്കുന്നതിനായി ക്ഷണിക്കാൻ അനിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു.


ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട്‌ പ്രകടനം നടത്തിയ അനിൽ ചെന്നിത്തലയുടെ ഓഫീസിലെയും വീട്ടിലെയും നിത്യസന്ദർശകനാണ്‌. ഒടുവിൽ‍, മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞതോടെയാണ്‌ റ‍ൗഡിപ്പട്ടികയിൽപെട്ട ആളാണ്‌ എന്നതടക്കം പൊലീസ്‌ വെളിപ്പെടുത്തിയത്‌.


അനിലുമായുള്ള അടുപ്പത്തിന്റെ ഭാഗമായാണ്‌ ചേന്തിയിലെ ശ്രീനാരായ ജയന്തിയാഘോഷ ചടങ്ങിൽ പങ്കെടുക്കാമെന്ന്‌ മുഖ്യമന്ത്രി സമ്മതിച്ചത്‌. തുടർന്ന്‌ ഡിസിസി ഓഫീസിനുമുന്പിലടക്കം ചേന്തിയിലെ ഗുരുജയന്തിയുടെ ബോർഡ്‌ വച്ചു. എന്നാൽ, വെള്ളിയാഴ്‌ച ചടങ്ങിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി ചേന്തിവഴി കടന്നുപോയപ്പോഴാണ്‌ അനിലും സംഘവും അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടഞ്ഞത്‌.


മുഖ്യമന്ത്രിയെ തടഞ്ഞതോടെ അദ്ദേഹത്തിന്റെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരം അനിലിനെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത്‌ ശ്രീകാര്യം പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. തുടർന്ന്‌ തിരുവനന്തപുരം ഫസ്‌റ്റ്‌ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി ഒന്നിൽ റിമാൻഡ്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. ഇതിലാണ്‌ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം വിവരിച്ചിട്ടുള്ളത്‌. കോടതി അനിലിനെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു. വെള്ളിയാഴ്‌ച രാത്രി വീട്ടിൽനിന്നാണ്‌ കസ്‌റ്റഡിയിൽ എടുത്തത്‌.


ശ്രീനാരായണ ഗുരു ജയന്തിയാഘോഷത്തിൽ പങ്കെടുക്കാൻ ചേന്തിയിൽ മുഖ്യമന്ത്രി നേരിൽ കണ്ടപ്പോൾ സമ്മതിച്ചതാണെന്നും എത്തുമെന്ന്‌ തലേദിവസവും അറിയിച്ചതാണെന്നും അനിൽ പറയുന്നു. സ്‌പെഷൽ ബ്രാഞ്ച്‌ പൊലീസ്‌ സ്ഥലത്തെത്തി വേദിയടക്കം പരിശോധിച്ചതായും പറയുന്നു. തലസ്ഥാനത്തെ ഗുണ്ടാനേതാവായ ഇയാൾ പതിവായി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കുന്നതിന്‌ നേതൃത്വം നൽകുന്നയാളാണ്‌.


അനിലിന്റെ പേരിൽ ആറ്‌ സ്‌റ്റേഷനുകളിലായി കേസുകളുള്ളതായി ശ്രീകാര്യം പൊലീസ്‌ വ്യക്തമാക്കി. നാല്‌ കേസ്‌ ശ്രീകാര്യം സ്‌റ്റേഷനിലും ഒന്നുവീതം മെഡിക്കൽ കോളേജ്‌, തുന്പ സ്‌റ്റേഷനുകളിലുമാണ്‌. തുന്പ സ്‌റ്റേഷനിലാണ്‌ റ‍ൗഡിപ്പട്ടികയിലുള്ളത്‌. ക്രിമിനലായ അനിൽ എങ്ങനെ നേതൃത്വത്തിലെത്തി എന്നതിന്‌ കോൺഗ്രസ്‌ മറുപടി പറയണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home