print edition രാസവളംവില കുതിക്കുന്നു; കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഇരുട്ടടി

കൊച്ചി: രാസവളംവില വര്‍ധിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. കാലാവസ്ഥ വ്യതിയാനംമൂലം കൃഷി പ്രതിസന്ധി നേരിടുമ്പോഴാണ് കര്‍ഷകരുടെ നടുവൊടിച്ച് വളംവിലവര്‍ധന കുതിക്കുന്നത്. പൊട്ടാഷ്, ഫാക്ടംഫോസ്, എന്‍പികെ 16:16:16 തുടങ്ങിയ രാസവളങ്ങള്‍ക്കാണ് പൊള്ളുന്ന വില.
1525 രൂപയായിരുന്ന ഫാക്ടംഫോസിന് 1750 രൂപയാണ് നിലവില്‍. വില ഇനിയും ഉയരുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. പൊട്ടാഷ് 50 കിലോ ചാക്കിന് 1800 രൂപയില്‍നിന്ന് 1975ലേക്ക് എത്തി. എന്‍പികെ 16:16:16ന് 1650 രൂപയില്‍നിന്ന് 2050 രൂപയായി. ഒറ്റയടിക്ക് 400 രൂപയാണ് വര്‍ധിച്ചത്. യൂറിയയുടെ 45 കിലോ ചാക്കിന് 267 രൂപയാണ് വില.
കേന്ദ്രസർക്കാർ രാസവളം കമ്പനികൾക്ക് നൽകുന്ന സബ്സിഡി വെട്ടിക്കുറച്ചതാണ് വില ഉയരാനുള്ള പ്രധാന കാരണം. മൂന്നുവർഷത്തിനിടെ രാസവളങ്ങൾക്ക് നിരന്തരമുണ്ടായ വിലവർധന കർഷകർക്ക് ഭാരിച്ച ബാധ്യതയാണ് വരുത്തിയത്. ഇതിനു പിന്നാലെയാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ വില വീണ്ടും വർധിപ്പിച്ചത്.
വിലവര്‍ധന കാരണം പലയിടത്തും വളപ്രയോഗം മുടങ്ങി. ഒരേക്കർ നെൽക്കൃഷിക്ക് നൂറുകിലോ അടിവളം, 50 കിലോ യൂറിയ, 40 കിലോ പൊട്ടാഷ് എന്നിങ്ങനെയാണ് വേണ്ടത്. വില കുതിച്ചുയരുന്ന സാഹചര്യം പരിഹരിച്ചില്ലെങ്കില്‍ നെല്‍ക്കൃഷിയെ ഉള്‍പ്പെടെ സാരമായി ബാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.











0 comments