നീർവ വീണ്ടും അമ്മയായി; കുനോയില്‍ ചീറ്റക്കുഞ്ഞുങ്ങള്‍

കുനോ ദേശീയോദ്യാനത്തിലെ പുതിയ ചിറ്റകുഞ്ഞുങ്ങൾ
ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ചീറ്റ നീർവ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതോടെ, കുനോ ദേശീയോദ്യാനത്തിലെ ചീറ്റകളുടെ എണ്ണം 29 ആയി. കുഞ്ഞുങ്ങൾ ഉൾപ്പെടെ ആകെ 31 ചീറ്റകളാണ് രാജ്യത്തുള്ളത്. ഇതിന് മുമ്പ് കുനോ നാഷ്‌ണൽപാർക്കിൽ 17 ചീറ്റക്കുഞ്ഞുങ്ങൾ പിറന്നിരുന്നു. ഇതിൽ 12 കുഞ്ഞുങ്ങൾ മാത്രമാണ് അതിജീവിച്ചത്.
ഏപ്രിൽ ആദ്യം കൂനോയിൽ നിന്ന് രണ്ട് ചീറ്റകളെ ഗാന്ധി സാഗർ സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് കുനോയിലേക്ക് മാറ്റപ്പെട്ട രണ്ട് ദക്ഷിണാഫ്രിക്കൻ ചീറ്റകളായ പ്രഭാഷ്, പാവക് എന്നിവരെയാണ് ഗാന്ധി സാഗർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്.
2022 സെപ്റ്റംബർ 17 ന് അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ട് ചീറ്റകളെയും കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്നിരുന്നു. നീർവ പ്രസവിക്കുന്നതിനുമുമ്പ് 24 ചീറ്റകളാണുണ്ടായിരുന്നത്. അതിൽ 14 എണ്ണവും ഇന്ത്യയിലാണ് ജനിച്ചത്.
രാജ്യത്ത് വംശനാശം സംഭവിച്ച ഒരു വിഭാഗമാണ് ചീറ്റ. 1952-ലാണ് ഇന്ത്യയില്‍ ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. ഇവയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും നിരവധി ചീറ്റകളെ കെഎൻപിയിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. പ്രൊജക്റ്റ് ചീറ്റയെന്നാണ് പദ്ധതിയുടെ പേര്. പദ്ധതിയുടെ ഭാഗമായി മധ്യേന്ത്യയിൽ ചീറ്റകൾക്ക് അതിജീവിക്കാൻ അനുകൂല സാഹചര്യമുള്ള ഇടങ്ങളിൽ ആവാസവ്യസസ്ഥ പുനസൃഷ്ടിച്ചു.
2022 സെപ്‌തംബറിൽ നമീബിയയിൽ നിന്നും പ്രോജക്റ്റ് ചീറ്റയുടെ ഭാഗമായി ആദ്യ ബാച്ച് ചീറ്റകളെ ഇന്ത്യയിലേയ്ക്ക് എത്തിച്ചു. എട്ടു ചീറ്റകളാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. പിന്നീട് 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും 12 മുതിർന്ന ചീറ്റകളെ പദ്ധതിയുടെ ഭാഗമായികൊണ്ടുവന്നു. അതോടെ ഇന്ത്യയിൽ 20 ചീറ്റകളായി. പിന്നീട് ഗാമിനി, ആഷ, ജ്വാല എന്നീ ചീറ്റകൾക്ക് 17 കുഞ്ഞുങ്ങൾ പിറന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി ചീറ്റകളാണ് ചത്തത്.









0 comments