നീറ്റ് പ്രതിഷേധ യോഗത്തിനിടെ കെപിസിസി ഓഫീസിൽ തല്ലുമാല; കർണാടക യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോര് തെരുവിലേക്ക്

കോൺഗ്രസ് ഓഫീസിൽ പരസ്പരം ഏറ്റുമുട്ടുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ബംഗളൂരു: നീറ്റ് പരീക്ഷാക്രമക്കേടിൽ പ്രതിഷേധത്തിന് മുന്നോടിയായി ചേർന്ന യോഗത്തിനിടെ കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് ഏറ്റുമുട്ടി. ബംഗളൂരുവിലെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എച്ച് എസ് മഞ്ജുനാഥ് ഗൗഡയുടെയും മുൻ വൈസ് പ്രസിഡന്റ് ദീപിക റെഡ്ഡിയുടെയും അനുയായികളാണ് തമ്മിൽതല്ലിയത്.
സംഭവം, കർണാടക കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മഞ്ജുനാഥ് ഗൗഡ കർണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറിന്റെ അടുത്ത അനുയായിയാണ്. ദേശീയ യൂത്ത് കോൺഗ്രസ് നേതൃത്വം അടുത്തിടെ ദീപിക റെഡ്ഡിയെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികളും സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് ഇരുവിഭാഗത്തെയും ശാന്തരാക്കിയത്.
നീറ്റ് ക്രമക്കേടിനെതിരെ മെയ് 21ന് പ്രതിഷേധം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് പദ്ധതിയിട്ടിരുന്നു. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ യോഗം ആരംഭിച്ചപ്പോൾ, ദീപിക റെഡ്ഡിയുടെ അനുയായികൾ തങ്ങളെ ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയ നടപടിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഇതോടെ മഞ്ജുനാഥ് ഗൗഡയുടെ അനുയായികൾ രംഗത്തെത്തുകയും വാക്കുതർക്കം കയ്യാങ്കളിയിലേക്കും മാറുകയായിരുന്നു.
വിവാദങ്ങൾക്കിടയിൽ, മഞ്ജുനാഥ് ഗൗഡയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദീപിക റെഡ്ഡി രംഗത്തെത്തി. തനിക്കെതിരെയുണ്ടായത് അച്ചടക്ക നടപടിയല്ല, വ്യക്തിപരമായ പ്രതികാരമാണെന്ന് ദീപിക റെഡ്ഡി പറഞ്ഞു. സ്ത്രീവിരുദ്ധമായ ഗൂഢാലോചനയ്ക്കും പ്രതികാര രാഷ്ട്രീയത്തിനുമെതിരെ താൻ നിശ്ശബ്ദയായിരിക്കില്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.









0 comments