ഛത്തീസ്‌ഗഡ് മദ്യനയ അഴിമതി ; ബാഗേലിന്റെ മകനെ അറസ്റ്റ്ചെയ്‌തു

ഭുപേഷ് ബാഗേലും മകനും
ന്യൂഡൽഹി
ഛത്തീസ്‌ഗഡ് മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ഭാഗേലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റ്‌ചെയ്‌തു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വെള്ളിയാഴ്‌ച ഭാഗേലിന്റെ ഭിലായിലെ വസതിയിൽ നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ്.
കൽക്കരി ഖനി പദ്ധതിക്ക് അദാനി ഗ്രൂപ്പ് നടത്തിയ മരംമുറി നിയമസഭയിൽ ഉന്നയിക്കുന്നത് തടയാനുള്ള നീക്കമാണ് കേന്ദ്രത്തിന്റേതെന്നും മകന്റെ ജന്മദിനത്തിന് നൽകിയ സമ്മാനത്തിന് പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും അറസ്റ്റിനുശേഷം ഭൂപേഷ് ബാഗേൽ പ്രതികരിച്ചു. ഈ വർഷം രണ്ടാം തവണയാണ് ബാഗേലിന്റെ വസതി ഇഡി റെയ്ഡ് ചെയ്യുന്നത്.
മാർച്ചിലെ റെയ്‌ഡിൽ 30 ലക്ഷം രൂപ പിടിച്ചെടുത്തു. ഭൂപേഷ് ബാഗേൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയായിരിക്കെ 2019നും 2022നും ഇടയിൽ സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരും രാഷ്‌ട്രീയനേതാക്കളും എക്‌സൈസ് ഉദ്യോഗസ്ഥരും സമാന്തര എക്‌സൈസ് വകുപ്പ് നടത്തിയെന്നും നിയമവിരുദ്ധമായി 2161 കോടി രൂപ പിരിച്ചെടുത്തെന്നുമാണ് കേസ്. പിരിച്ചെടുത്ത പണത്തിന്റെ ഒരു ഭാഗം ചൈതന്യയും കൂട്ടാളികളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൂടെ വെളുപ്പിച്ചെടുത്തെന്നും ഇഡി ആരോപിക്കുന്നു.









0 comments