ad
Deshabhimani

കേന്ദ്രസർക്കാരിന്റെ സിജിഎച്ച്എസ് ചുവപ്പുനാടയിൽ കുരുങ്ങി രോഗികൾ; ചികിത്സാ അനുമതിക്ക് മാസങ്ങളുടെ കാത്തിരിപ്പ്

CGHS.jpg
വെബ് ഡെസ്ക്

Published on Apr 24, 2026, 08:23 AM | 1 min read

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതിയായ സിജിഎച്ച്എസിനെ ആശ്രയിക്കുന്ന മുതിർന്ന പൗരന്മാരും ഗുരുതരാവസ്ഥയിലുള്ള രോഗികളും കടുത്ത പ്രതിസന്ധിയിൽ. അടിയന്തര ചികിത്സകൾക്കും മരുന്നുകൾക്കും അനുമതി ലഭിക്കുന്നതിലെ അമിതമായ കാലതാമസമാണ് രോഗികളെ വലയ്ക്കുന്നത്.


കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവ ബാധിച്ചവർ ചികിത്സയ്ക്കായി 45 മുതൽ 120 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി പ്രകാശ് നദ്ദയ്ക്ക് രോഗികൾ നിവേദനം നൽകി.


പലപ്പോഴും നിർണ്ണായകമായ ചികിത്സാ സമയങ്ങൾ ഈ കാലതാമസം മൂലം നഷ്ടമാകുന്നതായാണ് പരാതി. നിലവിലെ നിയമപ്രകാരം, സർക്കാർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അടിയന്തര ചികിത്സ നിർദ്ദേശിച്ചാലും ഉയർന്ന ചെലവുള്ളതോ പട്ടികയിൽ ഉൾപ്പെടാത്തതോ ആയ ചികിത്സകൾക്ക് ഡൽഹിയിലെ സ്റ്റാൻഡിംഗ് ടെക്നിക്കൽ കമ്മിറ്റിയുടെ അനുമതി വേണം.


ഒന്നിലധികം ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നതിനാൽ ഫയലുകൾ നീങ്ങാൻ മാസങ്ങളെടുക്കുന്നു. ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമായിട്ടും രാജ്യത്തുടനീളമുള്ള രോഗികളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് ഡൽഹിയിലെ ഏക പാനലാണ്. ഇതാണ് കാലതാമസത്തിന് പ്രധാന കാരണം.


ചികിത്സാ അനുമതി വൈകുന്നത് പലപ്പോഴും രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നതായി സിജിഎച്ച്എസ് ബെനിഫിഷ്യറീസ് വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ടികെ ദാമോദരൻ വ്യക്തമാക്കി.


അർബുദ രോഗികളിൽ ഈ കാലതാമസം രോഗം പടരാനും ഹൃദ്രോഗികളുടെ നില വഷളാകാനും കാരണമാകുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ആശ്രയിക്കുന്ന പദ്ധതിയിലെ ഈ അനാസ്ഥയ്ക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home